തിരുവനന്തപുരം: ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ട്വന്റി 20 മത്സരങ്ങളിലും തകർപ്പനടികളിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നിരിക്കുകയാണ് റിങ്കു സിങ്. ഇന്ത്യൻ ടീമിന്റെ പുതിയ ഫിനിഷറെന്നാണ് വെടിക്കെട്ട് ബാറ്റർക്ക് ആരാധകർ നൽകുന്ന വിശേഷണം. ഐ.പി.എല്ലിൽ ഒറ്റ ഓവറിൽ അഞ്ച് സിക്സടിച്ച് കൊൽക്ക നൈറ്റ് റൈഡേഴ്സിന്റെ വീരനായകനായ താരം ഇന്ത്യൻ ടീമിലും ഇടമുറപ്പിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ ആസ്‌ട്രേലിയക്കെതിരെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും റിങ്കു ഷോക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഒമ്പത് പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് അടിച്ചെടുത്തത്. പതിനെട്ടാം ഓവറില്‍ ക്രീസിലെത്തിയായിരുന്നു താരത്തിന്റെ സ്ഫോടനാത്മക ബാറ്റിങ്. മത്സരം കാണാനെത്തിയ കാണികള്‍ റിങ്കുവിന് വേണ്ടി ബാനറും ഉയർത്തിയിരുന്നു. ഇതിന്റെ വിഡിയോ റിങ്കുവിന്റെ ഐ.പി.എല്‍ ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവെക്കുകയും ചെയ്തു.
ഇന്ത്യക്കായി നാല് ഇന്നിങ്സുകളിൽ കളത്തിലിറങ്ങിയ റിങ്കുസിങ്ങിനെ മൂന്ന് മത്സരങ്ങളിലും പുറത്താക്കാൻ എതിർ ബൗളർമാർക്കായിരുന്നില്ല. 128 റൺസാണ് ശരാശരി. 216.94 സ്ട്രൈക്ക് റേറ്റിൽ 128 റൺസാണ് സമ്പാദ്യം. കാര്യവട്ടത്ത് നടന്ന രണ്ടാം ട്വന്റി 20യിൽ 44 റൺസിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഋതുരാജ് ഗെയ്ക്‍വാദ്, യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ എന്നിവരുടെ അർധ സെഞ്ച്വറികളുടെയും റിങ്കു സിങ്ങിന്റെ വെടിക്കെട്ടിന്റെയും കരുത്തിൽ നാല് വിക്കറ്റ് നഷട്ത്തിൽ 235 റൺസാണ് അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.