ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ സൗഹൃദം ടീമിനെ ദുർബലരാക്കുന്നുണ്ടെന്ന് മുൻ പാകിസ്താൻ നായകൻ മോയീൻ ഖാൻ. കളിക്കളത്തിൽ ഇന്ത്യൻ താരങ്ങളുമായി സൗഹൃദം വേണ്ടെന്ന് പാകിസ്താൻ താരങ്ങളോട് മോയീൻ ഉപദേശിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇരുവരും ഏറ്റുമുട്ടാനിരിക്കെയാണ് മോയീൻ ഖാന്‍റെ ഉപദേശം. ഫെബ്രുവരി 23 ദുബൈയിൽ വെച്ചാണ് പാകിസ്താൻ ഇന്ത്യക്കെതിരെ ഏറ്റുമുട്ടുക. പാകിസ്താനിൽ വെച്ച് നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ ഇന്ത്യൻ മത്സരങ്ങൾ നടക്കുക ഗൾഫ് രാജ്യങ്ങളിലാണ്.
'ഇന്ത്യയും പാകിസ്താനും ഇപ്പോൾ നടക്കുന്ന മത്സരങ്ങൾ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. നമ്മുടെ കളിക്കാർ ഇന്ത്യൻ താരങ്ങളുടെ ബാറ്റ് നോക്കുന്നു, മികച്ച ബാറ്റിങ് നടത്തുമ്പോൾ അഭിനന്ദിക്കുന്നു, സൗഹൃദപരമായി സംസാരിക്കുന്നു. എനിക്കിതിന്‍റെയൊന്നും അർത്ഥം മനസിലാകുന്നില്ല. ഇന്ത്യക്കെതിരെ കളിക്കുമ്പോഴുള്ള പാകിസ്താൻ താരങ്ങളുടെ സ്വഭാവം അവ്യക്തമാണ്. ഒരു പ്രൊഫഷണലാകുമ്പോൾ ഫീൽഡിന് പുറത്തും അകത്തും അതിര് കടക്കാതെ നോക്കേണ്ടതുണ്ട്.
ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ ഗ്രൗണ്ടിൽവെച്ച് സംസാരിക്കേണ്ടതുപോലുമില്ല. ഞാൻ കളിക്കുമ്പോൾ മുതിർന്ന താരങ്ങൾ ഇങ്ങനെ ഉപദേശിക്കുമായിരുന്നു. ഇന്ത്യൻ താരങ്ങളുമായി സൗഹൃദം പങ്കിടുമ്പോൾ അത് പാകിസ്താന്റെ ഒരു ബലഹീനതയായി അവർ കാണുന്നു,' മോയീൻ ഖാൻ പറഞ്ഞു.
പാകിസ്താനായി 2019 ഏകദിനവും 69 ടെസ്റ്റ് മത്സരവും വിക്കറ്റ് കീപ്പർ ബാറ്ററായ മോയീൻ ഖാൻ കളിച്ചിട്ടുണ്ട്. കളിക്കുന്ന കാലത്ത് ഇന്ത്യൻ താരങ്ങളുമായി ഏറ്റുമുട്ടുന്നതിൽ പ്രധാനിയായിരുന്നു മോയീൻ. ഇന്ത്യൻ താരങ്ങളോട് ബഹുമാനമുണ്ടെന്നും അതും സൗഹൃദവും വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ സാധിക്കാത്തതാണ് ഏറ്റവും വലിയ ഖേദമെന്നും മോയീൻ ഖാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നടന്ന ട്വന്‍റി-20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. ലോ സ്കോർ ത്രില്ലർ മത്സരത്തിൽ ഇന്ത്യ ആറ് റൺസി വിജയിക്കുകയായിരുന്നു. ഒമ്പത് വർഷത്തിന് ശേഷമെത്തുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ പാകിസ്താനാണ് നിലവിലെ ചാമ്പ്യൻമാർ. 2017ൽ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാകിസ്താൻ കിരീടമുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.