അരങ്ങേറ്റം ഗംഭീരം; ഇനാൻ ചെറിയ മീനല്ല

പുതുച്ചേരി: കൊട്ടിഘോഷിക്കപ്പെടാത്ത സാന്നിധ്യമായി ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറുകയും രണ്ടുകളി പൂർത്തിയാകുമ്പോഴേക്ക് ടീമിൽ അനുപേക്ഷ്യ സാന്നിധ്യമായി തലയെടുപ്പോടെ നിവർന്നുനിൽക്കുകയും ചെയ്യുന്ന മലയാളി കൗമാരക്കാരൻ മുഹമ്മദ് ഇനാനാണിപ്പോൾ താരം. വർഷാദ്യത്തിൽ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ തങ്ങളെ വലിയ മാർജിനിൽ തകർത്തുവിട്ട അതേ കംഗാരുക്കൾക്കെതിരായ പരമ്പരയിലാണ് ഇനാന്റെ ചിറകേറി ഇന്ത്യയുടെ ഗംഭീര വിജയങ്ങൾ.

മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടെണ്ണം പൂർത്തിയാകുമ്പോൾ രണ്ടും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. ആദ്യ മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഇനാൻ രണ്ടാമത്തേതിൽ രണ്ടെണ്ണവും വീഴ്ത്തി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. ആദ്യ ഏകദിനം 84 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. 10 ഓവറിൽ 32 റൺസ് വഴങ്ങി നാല് വിക്കറ്റായിരുന്നു ഇനാന്റെ സമ്പാദ്യം. രണ്ട് വിക്കറ്റുമായി കെ.പി. കാർത്തികേയ രണ്ടാമതും നിന്നു. ഇരുവരുമടങ്ങുന്ന ബൗളിങ് മികവിൽ ഓസീസിനെ 184 റൺസിന് ചുരുട്ടിക്കെട്ടിയ ഇന്ത്യക്കായി ബാറ്റിങ്ങിലും തിളങ്ങി കാർത്തികേയ ജയിപ്പിക്കുന്നതിൽ ഒരു പടി കൂടി മുന്നിൽനിന്നു.

തിങ്കളാഴ്ച രണ്ടാം ഏകദിനത്തിലും ഏറക്കുറെ സമാനമായിരുന്നു ഇന്ത്യയുടെയും ഇനാന്റെയും പ്രകടനം. 10 ഓവർ എറിഞ്ഞ ഇനാൻ 30 റൺസ് വഴങ്ങി രണ്ട് പേരെ മടക്കി. സമർഥ് നാഗരാജ്, കിരൺ കോർമൽ എന്നിവരും രണ്ടുവീതം വിക്കറ്റുമായി കൂടെനിന്നു. ബാറ്റിങ്ങിൽ സെഞ്ച്വറി കടന്ന് സാഹിൽ പരാഖ് 109 റൺസ് അടിച്ചെടുത്തപ്പോൾ ഒമ്പത് വിക്കറ്റ് വിജയവുമായി പരമ്പര സ്വന്തമായി. തൃശൂർ മുണ്ടൂർ സ്വദേശിയായ ഇനാൻ കുച്ച് ബിഹാർ ട്രോഫിയിലുൾപ്പെടെ പുറത്തെടുത്ത അസാമാന്യ പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴിതുറന്നിരുന്നത്.

ബൗളിങ്ങിൽ മാത്രമല്ല, മധ്യനിരയിൽ ബാറ്റിങ്ങിലും ഇനാന്റെ പ്രകടനമികവ് ശ്രദ്ധേയമാണ്. അണ്ടർ 14 കേരള ടീമിൽ കളി തുടങ്ങിയ താരമിപ്പോൾ ദേശീയ അണ്ടർ 19 ടീമിലെ വലിയ സാന്നിധ്യമായി മികവ് കാട്ടുകയാണ്. വരും മത്സരങ്ങളിലും ഇനാൻ വിരലുകളിലെ വിസ്മയങ്ങളുമായി കൂടുതൽ ഉയരങ്ങൾ പിടിക്കുമെന്നുതന്നെയാണ് കുടുംബത്തിനൊപ്പം മലയാളികളും കാത്തിരിക്കുന്നത്.

Tags:    
News Summary - Mohammad Inan shining in U-19 series against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.