ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ നായകനായുള്ള തിരിച്ചുവരവിൽ ചരിത്ര നേട്ടം സ്വന്തമാക്കി വെറ്ററൻ താരം എം.എസ്. ധോണി.
കൈമുട്ടിന് പരിക്കേറ്റ് ഋതുരാജ് ഗെയ്ക്‌വാദ് ടീമിൽനിന്ന് പുറത്തായതിനു പിന്നാലെയാണ് ധോണി വീണ്ടും ടീമിന്‍റെ നായകനായി മടങ്ങിയെത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടീമിനെ നയിച്ചതോടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. 43 വയസ്സും 278 ദിവസവും.
സ്വന്തം പേരിലുള്ള റെക്കോഡ് (41 വയസും 325 ദിവസും) തന്നെയാണ് ധോണി മറികടന്നത്. 42 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു താരം ഐ.പി.എൽ ടീമിനെ നയിക്കുന്നതും ആദ്യമാണ്. മുൻ ആസ്ട്രേലിയൻ ഇതിഹാസങ്ങളായ ആദം ഗിൽക്രിസ്റ്റും ഷെയ്ൻ വോണും തങ്ങളുടെ 41ാം വയസ്സിൽ ഐ.പി.എൽ ടീമുകളുടെ ക്യാപ്റ്റന്മാരായിട്ടുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ അണ്‍ക്യാപ്ഡ് ക്യാപ്റ്റനെന്ന നേട്ടവും ധോണിയുടെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ച ധോണിയെ അണ്‍ ക്യാപ്ഡ് താരമായാണ് ചെന്നൈ നിലനിര്‍ത്തിയത്.
2023 ഫൈനലിലാണ് ധോണി ഇതിന് മുമ്പ് അവസാനമായി ക്യാപ്റ്റന്റെ റോളിലെത്തിയത്. ഗെയ്ക്‌വാദിന് സീസൺ പൂർണമായും നഷ്ടമാകും. ഐ.പി.എല്ലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ധോണിക്കെതിരെ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. നായകനായി തിരിച്ചെത്തിയ മത്സരത്തിൽ നാലു പന്തിൽ ഒരു റണ്ണാണ് താരത്തിന്‍റെ സമ്പാദ്യം. ഒമ്പതാമനായി ക്രീസിലെത്തിയ താരം സുനിൽ നരെയ്ന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് പുറത്തായത്.
സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമാണു ചെന്നൈക്ക് നേടാനായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ടോപ് സ്കോറർ. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റ് വീഴ്ത്തി
(താരം -പ്രായം -ടീം -വർഷം എന്നീ ക്രമത്തില്‍)
എം.എസ്. ധോണി -43 വയസും 278 ദിവസവും -ചെന്നൈ സൂപ്പർ കിങ്സ് -2025
ഷെയ്ന്‍ വോണ്‍ -41 വയസും 249 ദിവസവും –രാജസ്ഥാൻ റോയൽസ് -2011
ആദം ഗില്‍ക്രിസ്റ്റ് –41 വയസും 185 ദിവസവും –കിങ്സ് ഇലവൻ പഞ്ചാബ് -2013
രാഹുൽ ദ്രാവിഡ് -40 വയസ്സും 133 ദിവസവും -രാജസ്ഥാൻ റോയൽസ് -2013
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.