തൂവെള്ളക്കടൽ തീർക്കുന്ന റയൽ മഡ്രിഡ് ഫാൻസിനാൽ നിറഞ്ഞ ബാഴ്സലോണയുടെ നൗകാമ്പ് സ്റ്റേഡിയം സങ്കൽപിക്കാനാകുമോ? അതല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആകാശനീലിമയിൽ അലിഞ്ഞുചേർന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഓൾഡ് ട്രാഫോഡ്? സാധ്യതയൊട്ടുമില്ല. മഹേന്ദ്ര സിങ് ധോണിയെന്ന ഇന്ത്യയിലെ ഹെവിവെയ്റ്റ് ബ്രാൻഡിന്റെ കനം അറിയുക അപ്പോഴാണ്.
ഗുജറാത്തിന്റെ ഹൃദയഭാഗത്ത് അഹ്മദാബാദിലെ പടുകൂറ്റൻ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിനിറങ്ങുമ്പോഴും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമൊന്നുമുണ്ടായിരുന്നില്ല. ഗാലറിയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള സൂപ്പർകിങ്സിന്റെ മഞ്ഞക്കടൽ ഇരമ്പുന്നു. തിമിർത്തുപെയ്യുന്ന മഴക്കും ശമിപ്പിക്കാനാകാത്ത വികാരത്തിൽ ധോണിയെന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടം. പരമ്പരാഗത വൈരികളെന്ന് വിളിപ്പേരുള്ള മുംബൈയുടെ ഹൃദയത്തളികയായ വാംഖഡെയെയും മഞ്ഞയിൽ മുക്കാനുള്ള ആൾബലം അയാൾക്കുണ്ട്. എം.എസ്. ധോണി ബാറ്റ് ചെയ്യുമ്പോൾ സ്ട്രീമിങ് ആപ്പുകളിൽ വ്യൂവർഷിപ്പിന്റെ മാപിനികൾ കുത്തനെ ഉയരുന്നതും പലകുറി കണ്ടു.
2020 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനുശേഷമുള്ള ഓരോ ഐ.പി.എൽ സീസണിനും വിളക്കു തെളിയുമ്പോൾ ഇത് ധോണിയുടെ അവസാനത്തേതു തന്നെയെന്ന് എല്ലാവരും ഉറപ്പിക്കും. സീസണുകൾ നാലു കഴിഞ്ഞു. ആരോഗ്യം അനുവദിച്ചാൽ അടുത്ത പ്രാവശ്യവും മഞ്ഞ ജഴ്സിയണിയുമെന്ന് ധോണി പറയുമ്പോൾ വിമർശനങ്ങൾ ഉയർത്താൻ പോലും ആളില്ല. 2020ൽ ചെന്നൈ ചരിത്രത്തിലാദ്യമായി േപ്ലഓഫ് കടക്കാതായപ്പോൾ ധോണിയുടെ കാലം കഴിഞ്ഞെന്ന് വിധിയെഴുത്തുകളുണ്ടായി.
അവസാന സീസണല്ലേ ഇതെന്ന കമന്റേറ്ററുടെ ചോദ്യത്തോട് ‘ഡെഫനിറ്റ്ലി നോട്ട്’ എന്ന മറുപടി നൽകിയ ധോണി 2021ലെ കിരീടം വീണ്ടും ചെന്നൈയുടെ പേരിൽ തുന്നിച്ചേർത്തു. 2022 സീസണിൽ രവീന്ദ്ര ജദേജയുടെ കീഴിലാണ് ചെന്നൈ എത്തിയത്. സീസൺ പാതിവഴിയിലിരിക്കെ ക്യാപ്റ്റൻസിയെന്ന മുൾക്കിരീടം തലയെ ഏൽപിച്ച് ജദേജ കൈയൊഴിഞ്ഞു. കൂടുതൽ ശൗര്യത്തോടെ അവതരിക്കുന്ന ധോണിയെയാണ് 2023ലെ ഐ.പി.എൽ വേദികൾ കണ്ടത്. എം.എസ്.ഡിയെന്ന ബ്രാൻഡ് ലോഗോ പതിഞ്ഞ് ഗാലറിയിൽ പറന്നിറങ്ങിയ സിക്സറുകളും മിന്നൽവേഗത്തിലുള്ള സ്റ്റംപിങ്ങുമെല്ലാം അതിന് സാക്ഷി.
മുടി നീട്ടിവളർത്തിയ യൗവനകാലവും കൈക്കരുത്തിന്റെ ആത്മവിശ്വാസത്തിൽ പടുത്തുയർത്തിയ നീണ്ട ഇന്നിങ്സുകളുടെ വസന്തകാലവും തന്നെ കടന്നുപോയെന്ന് മറ്റാരെക്കാളും ധോണി അറിയുന്നുണ്ട്. ടീം മാനേജ്മെന്റിനും അതറിയാം. എങ്കിലും കുട്ടിക്രിക്കറ്റിന്റെ ചടുലതയിലും ചുഴികളിലും തങ്ങളുടെ കപ്പൽ ആടിയുലയാതെയിരിക്കാൻ അനുഭവസമ്പത്തും ബുദ്ധികൂർമതയുമുള്ള കപ്പിത്താൻ കൂടെവേണമെന്ന് അവർക്കറിയാം.
നരവീണുതുടങ്ങിയ താടിയിൽ കളത്തിലിറങ്ങുന്ന അയാളിൽ അനുയായികൾക്കും പൂർണവിശ്വാസം. ധോണിയോട് തോൽക്കുന്നതിൽ സന്തോഷമെന്ന് എതിർ ടീമിന്റെ നായകർ വരെ പറയുമ്പോൾ അയാൾ ക്രിക്കറ്റിൽ മറ്റാരെക്കാളും വാഴ്ത്തപ്പെട്ടവനാകുകയാണ്. ഇന്ത്യൻ ജഴ്സിയിൽ നായകനായി ഏകദിന ലോകകപ്പും ട്വന്റി20 കിരീടവും ചാമ്പ്യൻസ് ട്രോഫിയും... ചെന്നൈക്കൊപ്പം പത്തെണ്ണമടക്കം 11 ഐ.പി.എൽ ഫൈനലുകൾ. അതിൽ അഞ്ചു കിരീടങ്ങൾ. സെഞ്ച്വറികളുടെ എണ്ണത്തിലും ക്ലാസിക് ഷോട്ടുകളുടെ അഴകളവുകളിലുമല്ല അയാൾ താരമാകുന്നത് എന്നതിന് ഈ കണക്കുകൾ സാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.