ഇന്ത്യന്‍ ക്രിക്കറ്റിന് മേല്‍ ചാഞ്ഞുനിന്ന വന്മരമായിരുന്നു മഹേന്ദ്ര സിങ് ധോണി. സ്വര്‍ണം കായ്ക്കുന്ന മരമായതുകൊണ്ടുതന്നെ അതിനെ ആരും വെട്ടിക്കളഞ്ഞതുമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് തലയുയര്‍ത്തി നിന്നത് ഈ മരത്തിന്റെ ശിഖരങ്ങളില്‍ ചവിട്ടിയായിരുന്നു. അമര്‍ത്തിച്ചവിട്ടാന്‍ പോന്ന ദൃഢതയും കാതലും അതിMS Dhoni on 40th birthdayന് ആവോളമുണ്ടായിരുന്നു. 2004െൻറ അവസാനത്തില്‍ വന്‍നഗരങ്ങളില്‍ നിന്നുള്ള ലോബികളെ വകഞ്ഞുമാറ്റി നീളന്മുടിയും നീലക്കുപ്പായവുമണിഞ്ഞ് ഒരു റാഞ്ചിക്കാരന് വന്നിറങ്ങിയപ്പോള്‍ അധികമാര്‍ക്കും അയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.മുഖം കാണിച്ചുമടങ്ങുന്ന ഒരു വിക്കറ്റ് കീപ്പര്‍ മാത്രമായി അയാളും മടങ്ങുമെന്ന് പലരും കരുതി. അയാളുടെ ആദ്യമത്സരങ്ങളിലെ പ്രകടനങ്ങള്‍ അതിനെ ശരിവെക്കുന്നതായിരുന്നു.
2005 ഏപ്രില്‍ മാസം. വിശാഖപ്പട്ടണത്ത് സൂര്യന് കത്തിനിന്ന പകലില്‍ മത്സരത്തിന് അരങ്ങൊരുങ്ങി. എതിരാളികള്‍ പാകിസ്താന്. വീരേന്ദര്‍ സെവാഗ് നല്കിയ മിന്നുംതുടക്കത്തിെൻറ ആത്മവിശ്വാസത്തില്‍ ക്രീസിലെത്തിയ ധോണി ഉന്മാദ നൃത്തം ചവിട്ടി. വലിയ സാങ്കേതികത്തികവോ മനോഹാരിതയോ അതിന് അവകാശപ്പെടാനില്ലായിരുന്നു. പക്ഷേ, അയാളുടെ ഷോട്ടുകളിലെല്ലാം സ്വന്തം കൈകളുടെ പ്രഹരശേഷിയിലുള്ള കടുത്ത ആത്മവിശ്വാസമുണ്ടായിരുന്നു. 123 പന്തുകളില്‍ നിന്നും നാലു സിക്സറുകളും 15 ബൗണ്ടറികളുമടക്കം 148 റണ്‍സ് കുറിച്ച ധോണിയുടെ കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ കുറിച്ചു. ശരാശരി ബാറ്റിങ് മികവ് മാത്രമുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെ കണ്ടുപരിചയിച്ച പാകിസ്താന് നിര ധോണിയുടെ പ്രഹര ശേഷിയില്‍ അമ്പരന്നു. അയാള്‍ കുടിക്കുന്ന പാലിെൻറ അളവും കഴിക്കുന്ന ഭക്ഷണത്തിെൻറ കലോറിയുമടക്കമുള്ള വിശേഷങ്ങളുമായി പത്രങ്ങള്‍ അച്ചുനിരത്തി.യുവത അയാളിലൊരു ഹീറോയെയും പെൺകുട്ടികൾ അയാളിലൊരു കാമുകനെയും കണ്ടു.
വിക്കറ്റ് കീപ്പര്‍മാരെ മാറിമാറി പരീക്ഷിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു പേരുപോലും പരിഗണനക്ക് വരാത്തവിധമുള്ള ധോണി വാഴ്ച അവിടെത്തുടങ്ങുകയായിരുന്നു.വര്‍ഷാവസാനം ശ്രീലങ്കക്കെതിരെ പടുകൂറ്റന്‍ സിക്സറുമായി കുറിച്ച 183 റണ്‍സിെൻറ വിലാസത്തിൽ അയാൾ സൂപ്പര്‍താരമായി. ടീം ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്തിയും പിന്തുടരുമ്പോള് പാറപോലെ ഉറച്ചുനിന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിനിഷറെന്ന പുതിയ തസ്തിക അയാൾ സൃഷ്ടിച്ചു. അയാള്‍ക്ക് മാത്രം നിയമന യോഗ്യതയുള്ള തസ്തികയായിരുന്നു അത്.
2007ലെ കരീബിയന്‍ ലോകകപ്പ്. സചിനും ഗാംഗുലിയും സെവാഗും കുംബ്ലെയുമെല്ലാമടങ്ങിയ വന്‍താരനിരയുമായി കരീബിയന്‍ തീരങ്ങളില്‍ ലോകകപ്പിനിറങ്ങിയ ഇന്ത്യന്‍ ടീം നാണം കെട്ട് മടങ്ങി. കളിച്ച മൂന്നുമത്സരങ്ങളിലും ധോണിയും അമ്പേ പരാജമായിരുന്നു. ക്രിക്കറ്റിനെ മതമായി കരുതിയ ഇന്ത്യന്‍ ജനതക്ക് അത് സഹിക്കാനാകുമായിരുന്നില്ല. പ്രതിഷേധക്കല്ലുകള്‍ വന്നുവീണ വീട്ടിലേക്കാണ് ധോണി മടങ്ങിയെത്തിയത്. ക്രിക്കറ്റിലെ പരമ്പരാഗത പണ്ഡിറ്റുകള്‍ക്ക് ഇനിയും ദഹിക്കാത്ത ട്വൻറി20 ലോകകപ്പൊരുക്കാന് ഐ.സി.സി തീരുമാനിച്ച വര്‍ഷം കൂടിയായിരുന്നു അത്.
ദ്രാവിഡ് ഒഴിച്ചിട്ടുപോയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന മുള്‍ക്കിരീടം അണിയാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ട്വൻറി 20 ലോകകപ്പിന് ടീമിനെ ധോണി നയിക്കുമെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിറക്കിയപ്പോള്‍ പലര്‍ക്കുമത് ദഹിച്ചില്ല. സെവാഗും യുവരാജും അടക്കമുള്ള പരിചയ സമ്പന്നരുള്ളപ്പോള്‍ ഇയാളെ നായകനായി അയച്ചത് ചരിത്രപരമായ മണ്ടത്തരങ്ങളിലൊന്നാകുമെന്ന് പലരും കരുതി.
ദക്ഷിണാഫ്രിക്കയിലെ വേഗതയേറിയ പിച്ചുകളില്‍ രഞ്ജിയും 'എ' ടീമും കളിച്ചുപരിചയമുള്ള പയ്യന്മാരുമായി ഈ നീളന്‍മുടിക്കാരന്‍ എന്തുചെയ്യുമെന്ന് പലരും കരുതി. ഒടുവില്‍ ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് മൈതാനത്ത് കുട്ടിക്രിക്കറ്റിെൻറ ലോകകിരീടം ഇരുകൈകളിലുമായി ധോണി ഏറ്റുവാങ്ങുമ്പോള്‍ ഇന്ത്യന്‍ തെരുവുകള്‍ അയാളില്‍ പുതിയൊരു രക്ഷകനെക്കണ്ടു. ചങ്കുതുളക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ പരിചയ സമ്പത്തുപോലുമില്ലാത്ത ബൗളര്‍മാരെ വെച്ച് വിജയം കൊയ്തതോടെ കാത്തിരുന്ന നായകന് ഇതാണെന്ന് ക്രിക്കറ്റ് ബോര്‍ഡും ഉറപ്പിച്ചു. ആസ്ട്രേലിയന്‍ ക്രിക്കറ്റിെൻറ അഹങ്കാരത്തെ ഉപഭൂഖണ്ഡത്തിലും കംഗാരുക്കളുടെ ഈറ്റില്ലങ്ങളിലും കയറി പലകുറി വെല്ലുവിളിച്ചതോടെ അയാള്‍ വാഴ്ത്തപ്പെട്ടവനായി.മൂന്നുഫോര്‍മാറ്റിലും കപ്പിത്താന് കുപ്പയാമണിഞ്ഞ ധോണി ക്രിക്കറ്റ് അധികാരകേന്ദ്രങ്ങളിലും സ്വാധീനമുറപ്പിച്ചു.
സ്വന്തം പ്രഹരശേഷിയിലും തീരുമാനങ്ങളിലുമുള്ള അസാമാന്യമായ ആത്മവിശ്വാസമാണ് അയാളെ മുന്നോട്ടുനടത്തിയത്. സച്ചിനും സെവാഗും കോഹ്ലിയും പരാജയപ്പെട്ടിടത്ത് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം ചോദിച്ചുവാങ്ങി ക്രീസിലേക്കിറങ്ങാന്‍ അയാള്‍ കാണിച്ച ചങ്കൂറ്റത്തിെൻറ ഫലം കൂടിയായിരുന്നു 2011 ക്രിക്കറ്റ് ലോകകപ്പ് വിജയം. നുവാന്‍ കുലശേഖരയുടെ പന്ത് വാംഖഡെയുടെ ആരവങ്ങളിലേക്ക് താഴ്ത്തിയിറക്കി ലോകകിരീടം നെഞ്ചോട് ചേര്‍ക്കുമ്പോഴും അയാള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരുന്നില്ല. എല്ലാം താന്‍ കരുതിയതുപോലെ വന്നുചേര്‍ന്ന നിര്‍വൃതി മാത്രമായിരുന്നു ആ മുഖത്ത് പ്രതിഫലിച്ചത്.
ഐ.പി.എല്ലിെൻറ ആഘോഷരാവുകളിലും ഐക്കണ്‍ അയാള്‍ തന്നെയായിരുന്നു. അയാളും അയാളുടെ മഞ്ഞപ്പടയും ആരിലും അസൂയ നിറച്ചു മുന്നേറി. ഇടക്കാലത്ത് ചെെന്നെ സൂപ്പര്‍ കിങ്സ് കോഴവിവാദത്തില്‍ അകപ്പെട്ടത് വിശുദ്ധിക്ക് മേല്‍ നേരിയ കളങ്കം ചാര്‍ത്തി. പ്രിയപ്പെട്ട താരങ്ങള്‍ക്ക് ഗോഡ്ഫാദറായും അപ്രിയര്‍ക്ക് വിലങ്ങിട്ടും അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മേല്‍ ആധിപത്യം തുടര്‍ന്നു. സെവാഗും യുവരാജും ഗംഭീറും അടക്കമുള്ള ടീമിലെ മുതിര്‍ന്ന താരങ്ങളെ അകാല വാര്‍ധക്യത്തിലേക്ക് നയിച്ചത് അയാളുടെ രാക്ഷസബുദ്ധിയായിരുന്നുവെന്ന് കരുതുന്നവരുണ്ട്. പക്ഷേ അതിന് താത്വിക ന്യായീകരണങ്ങള്‍ നല്‍കിയും പകരക്കാരെ സൃഷ്ടിച്ചും സ്വയം പ്രതിരോധം തീര്‍ക്കാനുള്ള മിടുക്ക് അയാള്‍ക്കുണ്ടായിരുന്നു.
ഇതിനിടയില്‍ ആസ്ട്രേലിയയുമായുളള ടെസ്റ്റ് പരമ്പരക്കിടെ പാതിവഴിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി 2015 ഏകദിന ലോകകപ്പിനുശേഷം നായകസ്ഥാനവുമൊഴിഞ്ഞിരുന്നു. നായകസ്ഥാനം മാറിയെങ്കിലും സൂപ്പര്‍ക്യാപ്റ്റന്‍ ധോണിതന്നെയായിരുന്നെന്ന് സമ്മതിക്കാന്‍ കോഹലിക്കുപോലും മടിയുണ്ടായിരുന്നില്ല എന്നതുതന്നെയായിരുന്നു അയാളുടെ ശക്തി. ബാറ്റിങ്ങില്‍ പ്രതാപം മങ്ങിയപ്പോഴും പിടിച്ചുനില്ക്കാന് പോന്ന പൊടിെക്കെകള് അയാളുടെ പക്കലിൽ ആവോളമുണ്ടായിരുന്നു. കൃത്യമായി അളക്കുന്ന റിവ്യൂ അപ്പീലുകളിലൂടെയും ടൈമറിനെപ്പോലും കവച്ചുവെക്കുന്ന റണ്‍ഔട്ടുകളിലൂടെയും അയാള്‍ തെൻറ ഇടം സുരക്ഷിതമാക്കി.
2019 ലോകകപ്പില്‍ ഓള്‍ഡ് ട്രാഫോര്‍ഡ് മൈതാനത്ത് കിവികള്‍ക്ക് മറുപടിയില്ലാതെ മുന്‍നിര ഒന്നാകെ തകരുമ്പോഴും ടി.വി ക്യാമറ ഡ്രെസിങ് റൂമിലെ ധോണിയില്‍ ഫോക്കസിലായിരുന്നു. അയാളൊരിക്കല്‍ കൂടി അവതരിക്കുമെന്നും അയാളുടെ ചില്ലകളില്‍ വിജയം പൂത്തുലയുമെന്നും പലരും കരുതി. ഒടുവില്‍ മാര്ട്ടിന് ഗുപ്റ്റിലിെൻറ ഉന്നംതെറ്റാത്ത ഏറില്‍ തട്ടി തിരികെ നടക്കുമ്പോള്‍ അയാള്‍ അന്നാദ്യമായി മൈതാനത്ത് കരഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിെൻറ ആകാശനീലിമയില്‍ ഒരിക്കല്‍ കൂടി മുങ്ങിനിവരാന്‍ തനിക്കാകില്ലെന്ന് എല്ലാം മുന്‍കൂട്ടിക്കാണുന്ന അയാള്‍ അന്നുമനസ്സിലാക്കിയിരിക്കണം. വിദൂരസ്വപ്നത്തിലുണ്ടായിരുന്ന ട്വൻറി 20 ലോകകകപ്പിന് ഉടക്കിട്ട് കോവിഡ് വന്നപ്പോള്‍ അയാളുടെ കണക്കൂകൂട്ടലുകള്‍ മുഴുവന്‍ തെറ്റി.
പാട്ടുനിര്‍ത്തുമ്പോള്‍ അയാളുടെ സ്വരം നന്നായിരുന്നോ എന്ന ചോദ്യം ഈ അവസരത്തില്‍ ഒരു പക്ഷേ ക്രൂരമായേക്കാം. പക്ഷേ, അയാള്‍ തിരിഞ്ഞുനടക്കുമ്പോള്‍ ക്രിക്കറ്റ് വിരസമാകുന്ന കോടിക്കണക്കിന് മനുഷ്യരുണ്ടാകുമെന്നുറപ്പ്. ഐ.പി.എല്ലില്‍ തലയായും ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വാധീന ശക്തിയായും അയാളിനിയുമിവിടെയുണ്ടാകും. സൈനിക സേവനവും ആര്‍മി ഭക്തിയും രാഷ്ട്രീയ പ്രവേശത്തിനുള്ള മുന്നൊരുക്കമായി കാണുന്നവരുമുണ്ട്. ധോണിയുടെ മസ്തിഷ്കത്തിെൻറ കൂര്‍മ്മത അറിയുന്നവര്‍ക്ക് അയാളുടെ ഭാവിയെച്ചൊല്ലി തെല്ലും ആശങ്ക ഉണ്ടാകില്ല.
സൗരവ് ഗാംഗുലി ഉഴുതുമറിച്ച ഇന്ത്യന്‍ക്രിക്കറ്റില്‍ നിന്നും ധോണി വിളവ് കൊയ്യുകയായിരുന്നെന്നും അതല്ല, ഗാംഗുലിയുടെ ചെടികളെ അയാള്‍ വെളളവും വളവും നല്കി പുഷ്പിക്കുകയായിരുന്നെന്നും പറയുന്ന രണ്ടഭിപ്രായങ്ങള്‍ എക്കാലത്തും അന്തരീക്ഷത്തിലുണ്ടായിരുന്നു. പ്രബലവാദം എന്തായാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റിെൻറ അലമാരയിലെത്തിയ കിരീടങ്ങളിലേറെയും അയാളുടെ കയ്യൊപ്പുള്ളവയായിരുന്നു. വിക്കറ്റ് കീപ്പര്‍മാരുടെയോ ഇന്ത്യന്‍ ക്രിക്കറ്റിെൻറയോ ചരിത്രം അയാളില്ലാതെ പൂര്ണമാകുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.