ഷാർജ: ഐ.പി.എൽ പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അടിച്ചോടിച്ച് മുംബൈ ഇന്ത്യൻസ്. രാജസ്ഥാനെ വെറും 90 റൺസിന് പുറത്താക്കിയ മുംബൈ 8.2 ഓവറിൽ അനായാസം വിജയം കണ്ടു. 25 പന്തിൽ 50 റൺസുമായി സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ ഇഷാൻ കിഷനാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. ജയത്തോടെ മുംബൈ േപ്ല ഓഫ് പ്രതീക്ഷകൾ നില നിർത്തിയപ്പോൾ രാജസ്ഥാന്റെ േപ്ല ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു. ശേഷിക്കുന്ന മത്സരത്തിൽ വിജയിക്കുകയും കൊൽകത്ത പരാജയപ്പെടുകയും ചെയ്താൽ മുംബൈ േപ്ല ഓഫിലേക്ക് കുതിക്കും. ഇരു ടീമുകളും വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ റൺറേറ്റാകും േപ്ല ഓഫ് പ്രവേശനം തീരുമാനിക്കുക.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച നായകൻ രോഹിത് ശർമയുടെ തീരുമാനം ശരിവെച്ച് പന്തെറിഞ്ഞ മുംബൈ ബൗളർമാർ രാജസ്ഥാനെ ഒമ്പത് വിക്കറ്റിന് 90 റൺസിൽ ഒതുക്കുകയായിരുന്നു. പേസർമാരായ ജസ്പ്രീത് ബുംറ, നതാൻ കോർട്ടർ നൈൽ, ജിമ്മി നീഷം എന്നിവരുടെ തകർപ്പൻ ബൗളിങ്ങാണ് മുംബൈക്ക് മുൻതൂക്കം നൽകിയത്. കോർട്ടർ നൈൽ നാലു ഓവറിൽ 14 റൺസ് വഴങ്ങി നാലും നീഷം നാലു ഓവറിൽ 12 റൺസിന് മൂന്നും ബുംറ നാലു ഓവറിൽ 14 റൺസിന് രണ്ടും വിക്കറ്റ് വീഴ്ത്തി.
ബാറ്റെടുത്തവരെല്ലാം നിറംമങ്ങിയ രാജസ്ഥാൻ നിരയിൽ 24 റൺസെടുത്ത ഓപണർ എവിൻ ലൂയിസ് ആണ് ടോപ്സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ മൂന്നു റൺസിന് മടങ്ങിയപ്പോൾ യശസ്വി ജയ്സ്വാൾ (12), ശിവം ദുബെ (3), ഗ്ലെൻ ഫിലിപ്സ് (4), ഡേവിഡ് മില്ലർ (15), രാഹുൽ തെവാതിയ (12) എന്നിങ്ങനെയായിരുന്നു മറ്റു പ്രധാന ബാറ്റർമാരുടെ സ്കോർ. വാലറ്റത്ത് ശ്രേയസ് ഗോപാൽ (0), ചേതൻ സർക്കാറിയ (6), കുൽദീപ് യാദവ് (0*), മുസ്തഫിസുറഹ്മാൻ (8*) എന്നിവർക്കും തിളങ്ങാനായില്ല.
കഴിഞ്ഞ കളിയിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ കൂറ്റൻ സ്കോർ തകർപ്പൻ ബാറ്റിങ്ങിലൂടെ അനായാസം മറികടന്ന രാജസ്ഥാൻ ടോസ് നഷ്ടമായിട്ടും ബാറ്റിങ് ലഭിച്ചപ്പോൾ അതേ ഫോം തുടരാമെന്ന ആത്മവിശ്വാസത്തിലായിരുന്നു. ആദ്യ മൂന്നു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസ് കടന്ന രാജസ്ഥാനായി ലൂയിസും ജയ്സ്വാളും മികച്ച അടിത്തറയിട്ടെന്ന് തോന്നിച്ച ഘട്ടത്തിലാണ് മുംബൈ ബൗളർമാർ ആഞ്ഞടിച്ചത്. ജയ്സ്വാളിനെ വിക്കറ്റിനുപിറകിൽ ഇഷാൻ കിഷെൻറ ഗ്ലൗസിലെത്തിച്ച് കോർട്ടർ നൈലാണ് ആദ്യ വെടി പൊട്ടിച്ചത്. പിന്നെ ഘോഷയാത്രയായിരുന്നു. ലൂയിസിനെ തെൻറ രണ്ടാം ഓവറിനെത്തിയ ബുംറ വിക്കറ്റിനുമുന്നിൽ കുടുക്കിയപ്പോൾ റിവ്യൂവും രാജസ്ഥാനെ തുണച്ചില്ല.
പിന്നെ മികച്ച സ്കോറിലേക്കുള്ള പ്രതീക്ഷ ക്യാപ്റ്റൻ സഞ്ജുവിലും കഴിഞ്ഞ കളിയിലെ ഹീറോ ദുബെയിലുമായിരുന്നു. എന്നാൽ, ഇരുവരെയും നീഷം മടക്കി. യു.എ.ഇയിൽ ആദ്യമായി അവസരം ലഭിച്ച നീഷം ആദ്യ പന്തിൽ തന്നെ സഞ്ജുവിനെ പോയൻറിൽ ജയന്ത് യാദവിെൻറ കൈയിലെത്തിച്ചു. ഫുൾലെങ്ത് ബാളിൽ ലൂസ് ഡ്രൈവിന് ശ്രമിച്ചതാണ് സഞ്ജുവിന് വിനയായത്. തെൻറ അടുത്ത ഓവറിൽ ദുബെയുടെ കുറ്റി തെറുപ്പിച്ച നീഷം രാജസ്ഥാന് ഇരട്ടപ്രഹരമേൽപിച്ചു. അധികം വൈകാതെ ഫിലിപ്സിനെ കോർട്ടർ നൈലും ബൗൾഡാക്കിയതോടെ 10 ഓവർ തികയുേമ്പാഴേക്കും രാജസ്ഥാൻ അഞ്ചിന് 50 എന്ന അവസ്ഥയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.