ആദ്യ മത്സരത്തിൽ മുംബൈക്ക് തോൽവി തുടർക്കഥ; പരാജയമറിയുന്നത് തുടർച്ചയായ 12 സീസണുകളിൽ

അഹ്മദാബാദ്: ഐ.പി.എല്ലിൽ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ തോൽക്കുന്ന പതിവ് മാറ്റാതെ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ 12ാം സീസണിലാണ് മുംബൈ ആദ്യ മത്സരത്തിൽ പരാജയപ്പെടുന്നത്. ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ആദ്യമായി ഇറങ്ങിയ മുംബൈ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആറ് റൺസിനാണ് കീഴടങ്ങിയത്.

2013 മുതലാണ് മുംബൈ ആദ്യ മത്സരം തോറ്റു തുടങ്ങിയത്. എന്നാൽ, ആ വർഷമാണ് അവർ ആദ്യമായി ഐ.പി.എൽ കിരീടം നേടുന്നതും. ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 23 റൺസിനായിരുന്നു ജയം. ആദ്യ മത്സരങ്ങളിൽ തോറ്റിട്ടും ശേഷം നാല് തവണകൂടി മുംബൈ കപ്പിൽ മുത്തമിട്ടു. 2015, 2017, 2019, 2020 വർഷങ്ങളിലായിരുന്നു കിരീടനേട്ടം.

2012ൽ ചെന്നൈ സൂപ്പർ കിങ്സിനെ എട്ട് വിക്കറ്റിന് തോൽപിച്ചതാണ് അവസാനമായി മുംബൈ ജയിച്ച ആദ്യ മത്സരം. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അന്ന് മുംബൈയെ നയിച്ചത് ഹർഭജൻ സിങ്ങായിരുന്നു. 2013ലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് രണ്ട് റൺസിന് തോറ്റാണ് മുംബൈ പരാജയ പരമ്പരക്ക് തുടക്കമിട്ടത്. 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 41 റൺസിനും 2015ൽ കൊൽക്കത്തയോട് തന്നെ ഏഴ് വിക്കറ്റിനും തോറ്റ മുംബൈ 2016ലും 2017ലും പരാജയപ്പെട്ടത് റൈസിങ് പുണെ സൂപ്പർ ജയന്റ്സിനോടായിരുന്നു. യഥാക്രമം ഒമ്പത് വിക്കറ്റിനും ഏഴ് വിക്കറ്റിനുമായിരുന്നു തോൽവി.

2018ൽ ചെന്നൈ സൂപ്പർ കിങ്സിനോട് ഒരു വിക്കറ്റിനും 2019ൽ ഡൽഹി ക്യാപിറ്റൽസിനോട് 37 റൺസിനും 2020ൽ ചെന്നൈ സൂപ്പർ കിങ്സിനോട് അഞ്ച് വിക്കറ്റിനും കീഴടങ്ങി. 2021ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് രണ്ട് വിക്കറ്റിനും 2022ൽ ഡൽഹി ക്യാപിറ്റൽസിനോട് നാല് വിക്കറ്റിനും തോറ്റ മുംബൈ കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിനാണ് പരാജയപ്പെട്ടത്.

2008ലെ ആദ്യ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് അഞ്ച് വിക്കറ്റിന് തോറ്റു തുടങ്ങിയ മുംബൈ പിന്നീട് നാല് സീസണുകളിൽ ജയത്തോടെയാണ് തുടങ്ങിയത്. 2009ൽ ചെന്നൈ സൂപ്പർ കിങ്സിനെ 19 റൺസിനും 2010ൽ രാജസ്ഥാൻ റോയൽസിനെ നാല് റൺസിനും 2011ൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനും 2012ൽ ചെന്നൈ സൂപ്പർ കിങ്സിനെ എട്ട് വിക്കറ്റിനുമാണ് തോൽപിച്ചത്. 

Tags:    
News Summary - Mumbai loses in first match, sequel; 12 consecutive losing seasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.