മുംബൈ: ഇന്ത്യൻ താരം സർഫ്രാസ് ഖാന്റെ സഹോദരൻ മുഷീർ ഖാന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ബറോഡക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടറിൽ മുംബൈക്ക് മികച്ച സ്കോർ. 357 പന്ത് നേരിട്ട് 18 ഫോറിന്റെ അകമ്പടിയിൽ 203 റൺസെടുത്ത് മുഷീർ പുറത്താകാതെനിന്നതോടെ ആദ്യ ഇന്നിങ്സിൽ 384 റൺസാണ് മുംബൈ അടിച്ചെടുത്തത്. ഒന്നാം ദിനം 128 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു കൗമാര താരം.
നാലാം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന മുഷീറിന്റെ ആദ്യ ശതകമാണിത്. തൊട്ടുമുമ്പത്തെ മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ആകെ 96 റൺസായിരുന്നു സമ്പാദ്യം. രഞ്ജി ട്രോഫിയിൽ മുംബൈക്കായി ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും മുഷീർ സ്വന്തമാക്കി. 18 വർഷവും 362 ദിവസവുമാണ് മുഷീറിന്റെ പ്രായം. 18 വർഷവും 262 ദിവസവും പ്രായമുള്ളപ്പോൾ ഇരട്ട സെഞ്ച്വറി നേടിയ വസീം ജാഫറിന്റെ പേരിലാണ് ഇക്കാര്യത്തിൽ റെക്കോഡ്. അണ്ടർ 19 ലോകകപ്പിലെ തകർപ്പൻ ആൾറൗണ്ട് പ്രകടനത്തിലൂടെയാണ് 18കാരനായ മുഷീർ ഖാൻ ശ്രദ്ധ നേടുന്നത്. 60 റൺസ് ശരാശരിയിൽ 360 റൺസുമായി ഇന്ത്യയുടെ റൺവേട്ടക്കാരിൽ രണ്ടാമനായിരുന്നു മുഷീർ.
മുഷീറിന് പുറമെ വിക്കറ്റ് കീപ്പർ-ബാറ്റർ ഹാർദിക് തമോർ (57), പൃഥ്വി ഷാ (33) എന്നിവർ മാത്രമാണ് മുംബൈ നിരയിൽ പിടിച്ചുനിന്നത്. ഭൂപൻ ലാൽവാനി (19), ക്യാപ്റ്റൻ അജിൻക്യ രഹാനെ (3), ഷംസ് മുലാനി (6), സൂര്യാൻഷ് ഷെഡ്ഗെ (20), ഷാർദുൽ താക്കൂർ (17), തനുഷ് കോട്ടിയൻ (7), മോഹിത് അവസ്തി (2), തുഷാർ ദേശ്പാണ്ഡെ എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി.
ബറോഡക്ക് വേണ്ടി ഭാർഗവ് ഭട്ട് ഏഴ് വിക്കറ്റ് നേടിയപ്പോൾ ശേഷിച്ച മൂന്ന് വിക്കറ്റുകൾ നിനദ് രാത്വ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡ ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലാണ്. ഒരു റൺസെടുത്ത പ്രിയാൻഷു മോലിയയാണ് പുറത്തായത്. 18 റൺസുമായി ജ്യോത്സിനിൽ സിങ്ങും 12 റൺസുമായി ശാശ്വത് റാവത്തുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.