ന്യൂഡൽഹി: ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങിൽ വിദ്വേഷം കലർന്ന സന്ദേശം പങ്കുവെച്ചതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന്‍റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാം വഴിയാണ് നടി ആരാധകരോട് സംവദിക്കുന്നതും ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ അഭിപ്രായം പറയുകയും ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താനെ കങ്കണ വിമർശിച്ചിരുന്നു. ബംഗാൾ വിഷയത്തിൽ മൗനം പാലിച്ച പത്താൻ ഫലസ്തീൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിനെയാണ് കങ്കണ വിമർശിച്ചത്.
ഇപ്പോൾ കങ്കണക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് പത്താൻ. എന്‍റെ എല്ലാ ട്വീറ്റുകളും തന്‍റെ നാട്ടുകാർക്കും മാനവികതക്ക് വേണ്ടിയുള്ളതാണെന്നും വിദ്വേഷം പരത്താൻ ശ്രമിച്ചതിനാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും പത്താൻ ട്വീറ്റ് ചെയ്തു.
'നിങ്ങൾക്ക് മനുഷ്യത്വമുണ്ടെങ്കിൽ ഫലസ്തീനിലും ഗസ്സയിലും സംഭവിക്കുന്ന കാര്യങ്ങളെ നിങ്ങൾ പിന്തുണക്കില്ല'-ഇതായിരുന്നു ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളിൽ ഫലസ്തീന് പിന്തുണയുമായി പത്താൻ ഇട്ട ട്വീറ്റ്. ഇതിന് പിന്നാലെ പത്താൻ വിഷയത്തിൽ ഒരുപക്ഷം മാത്രം പിടിക്കുകയാണെന്ന് വിമർശനം വന്നു.
ഉത്തർ പ്രദേശിലെ ബി.ജെ.പി എം.എൽ.എയായ ദിനേഷ് ചൗധരിയാണ് ഇർഫാൻ പത്താൻ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ ബംഗാൾ അക്രമത്തെ കുറിച്ച് ഒരു ട്വീറ്റ് പോലും ചെയ്യാത്തതെന്ന് ചോദിച്ചത്. കേരാകത് എം.എൽ.എയുടെ ട്വീറ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു ഇൻസ്റ്റഗ്രാമിൽ കങ്കണ പത്തനെതിരെ തിരിഞ്ഞത്.
ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ ഇസ്രയേൽ അനുകൂല നിലപാടുമായി കങ്കണ രംഗത്തെത്തിയിരുന്നു. 'ഇന്ത്യ ഇസ്രയേലിനൊപ്പമാണ്. തീവ്രവാദത്തിനെതിരെ ധർണയും അധിക്ഷേപവും വഴി മറുപടി പറയണമെന്ന് പറയുന്നവർ ിസ്രയേലിൽ നിന്ന് പഠിക്കണം' -കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.