കറക്കി വീഴ്ത്തി ജദേജയും അശ്വിനും, ഇന്ത്യ ഡ്രൈവിങ് സീറ്റിൽ; കീവീസ് രണ്ടാം ഇന്നിങ്സ് 171/9

മുംബൈ: മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി തിരിച്ചുപിടിച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ 28 റൺസിന്റെ ലീഡ് വഴങ്ങിയ ന്യൂസിലാൻഡിന് രണ്ടാം ഇന്നിങ്സിൽ 171 റൺസെടുക്കുന്നതിനിടെ ഒൻപത് വിക്കറ്റ് നഷ്ടമായി. നാല് വിക്കറ്റെടുത്ത രവീന്ദ്ര ജദേജയും മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനുമാണ് എറിഞ്ഞിട്ടത്. 51 റൺസെടുത്ത വിൽ യങ് മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡെവൻകോൺവേ (22), ഡാരിൽ മിച്ചൽ (21), ഗ്ലെൻ ഫിലിപ്പ് (26), മാറ്റ് ഹെൻറി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. ക്യാപ്റ്റൻ ടോം ലതാം ഒന്നും രചിൻ രവീന്ദ്ര നാലും റൺസെടുത്ത് പുറത്തായി.

മൂന്നാം ദിനം കളി നിർത്തുമ്പോൾ 143 റൺസ് ലീഡുമായി ഏഴ് റൺസെടുത്ത അജാസ് പട്ടേലും റൺസൊന്നും എടുക്കാതെ വില്യം ഒറൂർക്കെയുമാണ് ക്രീസിൽ.

ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 235 റൺസിന് മറുപടിയുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെ പ്രകടനമാണ് ഒന്നാം ഇന്നിങ്സിൽ 28 റൺസിന്റെ ലീഡ് നേടികൊടുത്തത്. 263 റൺസിനാണ് ഇന്ത്യ പുറത്തായത്.

146 പന്ത് നേരിട്ട് ഏഴ് ഫോറും ഒരു സിക്സറുമടിച്ച് 90 റൺസ് നേടിയാണ് ഗിൽ കളം വിട്ടതെങ്കിൽ എട്ട് ഫോറും രണ്ട് സിക്സറുമടിച്ച് 59 പന്തിൽ 60 റൺസാണ് പന്ത് അടിച്ചുകൂട്ടിയത്.

കീവീസിന് വേണ്ടി അജാസ് പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം രണ്ട് വിക്കറ്റ് നേടിയ അജാസ് രണ്ടാം ദിനം മൂന്നെണ്ണം നേടി ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു. ടീം സ്കോർ 180ൽ നിൽക്കവെയായിരുന്നു ഋഷഭ് പന്തിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. ഗില്ലുമൊത്ത് 96 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കിയതിന് ശേഷമാണ് പന്ത് കളം വിടുന്നത്. ശേഷമെത്തിയ ജഡേജ (14), സർഫറാസ് (0) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ വാഷിങ്ടൺ സുന്ദർ മികവ് കാട്ടി. ഗില്ലുമായി ചെറുത്ത് നിന്ന് കളിച്ച സുന്ദർ അദ്ദേഹം പുറത്തായതിന് ശേഷം സ്കോറിങ്ങിന്‍റെ വേഗത കൂട്ടിയിരുന്നു. അശ്വിനെയും ആകാശ് ദീപിനെയും കാഴ്ചക്കാരാക്കി സുന്ദർ 36 പന്തിൽ നാല് ഫോറും രണ്ട് സിക്സറുമടക്കം 38 റൺസ് നേടി.

യശ്വസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ്, സർഫറാസ് ഖാൻ, ശുഭ്മൻ ഗിൽ, ആർ. അശ്വിൻ എന്നിവരെയാണ് അജാസ് പുറത്താക്കിയത്. ഗ്ലെൻ ഫിലിപ്സ്, മാറ്റ് ഹെന്രി, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് റണ്ണൗട്ടാകുകയായിരുന്നു. 

യശ്വസ്വി ജയ്സ്വാൾ (30), രോഹിത് ശർമ (18), മുഹമ്മദ് സിറാജ് (0), വിരാട് കോഹ്ലി (4) എന്നിവരാണ് ഇന്നലെ പുറത്തായ ഇന്ത്യൻ ബാറ്റർമാർ. 235 റൺസാണ് ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ നേടിയത്.

Tags:    
News Summary - New Zealand 171/9; India regained the game on the third day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.