ടെസ്റ്റ് ത്രില്ലറിൽ ഒറ്റ റൺ ജയം; ബേസിൻ റിസർവിൽ ഇംഗ്ലണ്ടിനു മേൽ കിവി ഗ്രാൻഡ് ഫിനിഷ്

അപൂർവമായാണെങ്കിലും ഏകദിനത്തിൽ സംഭവിക്കാറുള്ളതാണ് അവസാന പന്തു വരെ ആവേശം നീട്ടിയെടുക്കുന്ന കളിക്കൊടുവിൽ ഒറ്റ റൺ ജയം. എന്നാൽ, അഞ്ചു നാളിൽ തീർപ്പുണ്ടാകേണ്ട ടെസ്റ്റിൽ അവസാന ദിനത്തിന്റെ ഒടുക്കം വരെ സസ്‍പെൻസ് നിലനിർത്തുകയും ഏറ്റവുമൊടുവിൽ ജയിച്ചെന്നു തോന്നിച്ച ഘട്ടത്തിൽ ബാറ്റിങ് ടീം ജയത്തിന് രണ്ടു റൺ അകലെ വീഴുകയും ചെയ്താലോ? ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ ഇംഗ്ലണ്ട്- ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ജയം മാറിമറിഞ്ഞതിനൊടുവിൽ ആതിഥേയരുടെ ഒറ്റ റൺ ജയം.

ഇരുടീമും നന്നായി റൺ അടിച്ചുകൂട്ടിയ കളിയുടെ അവസാന ദിവസം ജയിക്കാൻ 258 റൺസ് തേടിയാണ് ഇംഗ്ലണ്ട് ഇറങ്ങിയിരുന്നത്. ആതിഥേയ ബൗളിങ്ങിന്റെ ചൂടറിഞ്ഞ ഇംഗ്ലീഷ് തുടക്കക്കാർ അതിവേഗം മടങ്ങിയതോടെ 80 റൺസിൽ അഞ്ചു വിക്കറ്റെന്ന നിലയിൽ ടീം പരുങ്ങലിലായി. തളരാതെ അവിടെ തുടങ്ങിയ ജോ റൂട്ടും ബെൻ സ്റ്റോക്സും ചേർന്ന് പിന്നീട് അടിച്ചെടുത്തത് 121 റൺസ്. അതോടെ ഇംഗ്ലണ്ട് വീണ്ടും വിജയ പ്രതീക്ഷയിൽ. പിന്നെയും മാറിമറിഞ്ഞ കളിയിൽ 14 റൺസിനിടെ മൂന്നു വിക്കറ്റ് കൂടി നഷ്ടം. തോൽവിയാണോ ജയമാണോ എന്ന് നിശ്ചയമില്ലാതെ പൊരുതിനിന്ന ഇംഗ്ലണ്ടിനെ പ്രതീക്ഷയുടെ മുനമ്പിൽ നിർത്തി ഫോക്സും ലീച്ചും ആൻഡേഴ്സണും നടത്തിയ പോരാട്ടം പക്ഷേ, അവസാനം കൈവിട്ടു.

അവസാന വിക്കറ്റിൽ ജാക് ലീച്ചും ജെയിംസ് ആൻഡേഴ്സണുമായിരുന്നു ക്രീസിൽ. നീൽ വാഗ്നർ പന്തെറിയാനെത്തുമ്പോൾ ബാറ്ററായി ആൻഡേഴ്സൺ. ​​അപകടകരമായ ബൗൺസർ തടഞ്ഞിട്ടും അടുത്ത പന്ത് നാലിന് പറത്തിയും പിടിച്ചുനിന്ന താരം പക്ഷേ, ​അടുത്ത പന്തിൽ ലെഗ് സൈഡ് ഓഫിൽ വിക്കറ്റ്കീപർക്ക് ക്യാച്ച് നൽകുമ്പോൾ ഗാലറി കാതടിപ്പിക്കുന്ന കരഘോഷത്തിൽ മുങ്ങി. ഇംഗ്ലീഷ് നിരയാകട്ടെ, കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട ജയത്തെയോർത്ത് കണ്ണീരിലും...

തുടർച്ചയായ ആറു ജയം പൂർത്തിയാക്കി അടുത്തത് തേടിയെത്തിയ ഇംഗ്ലീഷുകാരാണ് ന്യൂസിലൻഡിനു മുന്നിൽ ഒറ്റ റണ്ണിൽ വീണത്. 2004നു ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ട് തുടർച്ചയായ ആറു ജയം പിടിച്ചിരുന്നത്. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് അടുത്തത് തോറ്റതോടെ പരമ്പര 1-1ൽ സമനിലയിലായി. 

സ്കോർ: ഇംഗ്ലണ്ട് 435-8 ഡിക്ല. (ബ്രൂക് 186, റൂട്ട് 153*; ഹെന്റി 4-100) & 256 (റൂട്ട് 95, വാഗ്നർ 4-62)

ന്യൂസിലൻഡ് 209 (സൗതി 73) & 483 (വില്യംസൺ 132, ലീച് 5-157)

ബേസിൻ റിസർവ് മൈതാനത്ത് സൗജന്യ പ്രവേശനമായതിനാൽ ഇരച്ചെത്തിയ കാണികൾക്ക് മുന്നിലായിരുന്നു ഇരു ടീമുകളുടെയും ആവേശ പ്രകടനം. ആദ്യ ഇന്നിങ്സിൽ കൂറ്റൻ ലീഡുമായി ആതിഥേയരെ ഫോളോ ഓണിന് അയച്ച ഇംഗ്ലണ്ടിനു തന്നെയായിരുന്നു കളിയിൽ മേൽക്കൈ. എന്നാൽ, കെയിൻ വില്യംസൺ കുറിച്ച ക്ലാസ് സെഞ്ച്വറി കൂട്ടുപിടിച്ച് രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡ് നടത്തിയ തിരിച്ചുവരവ് കളിയാകെ മാറ്റിമറിക്കുകയായിരുന്നു. നാലാം ദിവസം ഒരു വിക്കറ്റിന് 48 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ചവർ അവസാന ദിവസം അനായാസം ജയിക്കുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, നാലു വിക്കറ്റുമായി നിറഞ്ഞാടിയ വാഗ്നറും കൂട്ടാളികളും ചേർന്ന് ഇംഗ്ലീഷ് കപ്പൽ മുക്കുകയായിരുന്നു.

തോൽവി ആഷസ് പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാകും. 

Tags:    
News Summary - New Zealand beat England following one of all-time great finishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.