പുണെ: പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ കടപുഴക്കിയ മിച്ചൽ സാന്റ്നറുടെ പ്രകടന മികവിൽ ന്യൂസിലൻഡിന് ഇന്ത്യൻ മണ്ണിൽ ചരിത്ര വിജയം. രണ്ടാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇന്ത്യയിൽ ആദ്യമായി കിവികൾ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 2012മു ശേഷം ആദ്യമായാണ് ഇന്ത്യക്ക് സ്വന്തം മണ്ണിൽ പരമ്പര നഷ്ടമാകുന്നത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലും ന്യൂസിലൻഡ് ജയിച്ചിരുന്നു. 359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ബാറ്റിങ് 245ൽ അവസാനിച്ചു. 113 റൺസിനാണ് കിവികളുടെ ജയം. സ്കോർ: ന്യൂസിലൻഡ് - 259 & 255, ഇന്ത്യ - 156 & 245.
77 റൺസ് നേടിയ യശസ്വി ജയ്സ്വാളും 42 റൺസ് നേടിയ രവീന്ദ്ര ജദേജയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (എട്ട്), സൂപ്പർ താരം വിരാട് കോഹ്ലി (17) എന്നിവർ രണ്ടാം ഇന്നിങ്സിലും പരാജയപ്പെട്ടു. ശുഭ്മൻ ഗിൽ (23), ഋഷഭ് പന്ത് (പൂജ്യം), വാഷിങ്ടൺ സുന്ദർ (21), സർഫറാസ് ഖാൻ (ഒമ്പത്), ആർ. അശ്വിൻ (18), ആകാശ് ദീപ് (ഒന്ന്), ജസ്പ്രീത് ബുംറ (10*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നേടിയ സാന്റ്നർ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ് പിഴുതത്. അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും നേടി. സ്വന്തം നാട്ടിൽ 18 പരമ്പരകളിലായി തുടരുന്നുവന്ന വിജയഗാഥയാണ്, ന്യൂസീലൻഡിനെതിരായ പരമ്പര നഷ്ടത്തോടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.
നേരത്തെ ന്യൂസിലൻഡിന്‍റെ രണ്ടാം ഇന്നിങ്സ് 255 റൺസിൽ അവസാനിച്ചിരുന്നു. മൂന്നാം ദിനം അഞ്ചിന് 198 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കിവികൾക്ക് 57 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റും നഷ്ടമായി. അഞ്ചിൽ മൂന്ന് വിക്കറ്റും രവീന്ദ്ര ജദേജയാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ വാഷിങ്ടൺ സുന്ദർ നാലും രവിചന്ദ്രൻ അശ്വിൻ രണ്ടും ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി. ന്യൂസിലാൻഡിന്‍റെ അവസാന വിക്കറ്റ് റണ്ണൗട്ടായിരുന്നു. 86 റൺസ് നേടിയ നായകൻ ടോം ലാഥമാണ് ന്യൂസിലാൻഡിന്‍റെ ടോപ് സ്കോറർ. ഗ്ലെൻ ഫിലിപ്സ് 48ഉം ടോം ബണ്ടൽ 41ഉം റൺസ് നേടി.
ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 255 റൺസ് നേടിയപ്പോൾ ഇന്ത്യ 156 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കായി വാഷിങ്ടൺ സുന്ദറും ന്യൂസിലാൻഡിനായി മിച്ചൽ സാന്‍റ്നറും ഏഴ് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.