അക്ഷർ പട്ടേൽ
ആറ് സീസണുകളിൽ പ്ലേ ഓഫിലെത്തിയെങ്കിലും ഐ.പി.എൽ കിരീടത്തിൽ മുത്തമിടാൻ ഡൽഹി കാപിറ്റൽസിനെ ഭാഗ്യം തുണച്ചിട്ടില്ല. ആ തലവര ഇക്കുറിയെങ്കിലും മാറ്റണമെന്ന ഉറച്ച വിശ്വാസത്തിലാണ് പോരിനിറങ്ങുന്നത്. കോച്ച് റിക്കി പോണ്ടിങ്ങും ക്യാപ്റ്റൻ ഋഷഭ് പന്തുമില്ലാതെ മാറ്റങ്ങളുമായാണ് ഇത്തവണ ഡൽഹി കളത്തിലിറങ്ങുന്നത്. റിക്കിപോണ്ടിങ്ങ് പഞ്ചാബ് ടീമിനൊപ്പം പോയപ്പോൾ മുൻ ഇന്ത്യൻ താരം ഹേമാങ് ബദാനിക്കാണ് പുതിയ പരിശീലന ചുമതല.
റിഷഭ് ലഖ്നൗ ടീമിലേക്ക് ചേക്കേറിയപ്പോൾ 2019 മുതൽ ഡൽഹി ടീമിനൊപ്പമുള്ള സ്റ്റാർ ഓൾറൗണ്ടർ അക്ഷർ പട്ടേലിനെയാണ് പുതിയ നായകപദവി ഏൽപ്പിച്ചത്. കെ.എൽ രഹുലാകും നായകനെന്ന സൂചനയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അക്ഷറിന് ക്യാപ്റ്റൻസി കൈമാറുകയായിരുന്നു. കഴിഞ്ഞതവണ ടേബിളിൽ ആറാം സ്ഥാനത്തായിരുന്നു കാപിറ്റലിന്റെ സ്ഥാനം. 2019 മുതൽ 2021 വരെയുള്ള മൂന്ന് സീസണിലും തുടർച്ചയായി പ്ലേ ഓഫിലെത്തിയ ഡൽഹി 2020ൽ റണ്ണേഴ്സപ്പായിരുന്നു.
കളിമാറും
കാപ്റ്റൻസിയടക്കം ടീമിൽ വലിയ മാറ്റങ്ങളുമായാണ് കാപിറ്റൽസ് പുതിയ സീസണിൽ എത്തുന്നത്. ഡേവിഡ് വാർണറും പൃഥ്വി ഷായും ഭരിച്ചിരുന്ന ടോപ്പ് ഓർഡറിലേക്ക് ഫാഫ് ഡു പ്ലെസിസിസും ട്രിസ്റ്റൻ സ്റ്റബ്സുമാകും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുക. കെ.എൽ രാഹുലും അഭിഷേക് പോറലും ജേക്ക് ഫ്രേസറും ബാറ്റിങിൽ കരുത്തായുണ്ട്. കാപ്റ്റൻ അക്ഷർ പട്ടേലടക്കം മികച്ച ഓൾറൗണ്ടർ യുവനിര ടീമിന് വലിയ മുതൽകൂട്ടാവും.
ബൗളിങിൽ മിച്ചൽ സ്റ്റാർക്കും ദുഷ്മന്ത ചമീരയും ടി. നടരാജനും പേസ്നിരയിൽ ആഞ്ഞടിക്കും. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവും അക്ഷർ പട്ടേലും ബൗളിങ്ങിലെ വജ്രായുധങ്ങളാവും. കൂടാതെ മുകേഷ് കുമാറും മോഹിത് ശർമയും ടീമിനൊപ്പമുള്ളത് അവരുടെ ബൗളിങ് ബെഞ്ചിന്റെ കരുത്താവും. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് അവസാനനിമിഷം പിൻവാങ്ങിയത് ടീമിന് തിരിച്ചടിയായി. പ്രധാന ബാറ്ററായിരുന്നു താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.