ഷാർജ: ട്വൻറി 20 ക്രിക്കറ്റിൻെറ സർവ സൗന്ദര്യവും ഒത്തുചേർന്ന മത്സരത്തിനായിരുന്നു ഞായറാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബാറ്റെടുത്തവരിലേറെപ്പേരും മിന്നിയ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 223 റൺസിൻെറ കൂറ്റൻ വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നിരുന്നു.
മത്സരത്തിൽ പഞ്ചാബിൻെറ സ്കോർ രാജസ്ഥാൻ മറികടക്കവേയാണ് എട്ടാം ഒാവറിൽ ക്രിക്കറ്റ് ലോകം മറ്റൊരു അവിസ്മരണീയ കാഴ്ചക്ക് സാക്ഷ്യം വഹിച്ചത്. മുരുകൻ അശ്വിൻ എറിഞ്ഞ പന്ത് ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്ത സഞ്ജു സാംസൺ അടിച്ചുപറത്തി. സിക്സെന്നുറപ്പിച്ച പന്ത് പക്ഷേ ബൗണ്ടറിലൈനിൻെറ വെളിയിലേക്ക് വായുവിലൂടെ പറന്ന് കരീബിയൻ താരം നിക്കോളാസ് പുരാൻ തട്ടിമാറ്റി. കണ്ടവരെല്ലാം മൂക്കത്ത് വിരൽ വെച്ചു.
പുരാൻെറ ഉജ്ജ്വല ഫീൽഡിങ് പ്രകടനം കണ്ട സാക്ഷാൽ സചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തത് ഇങ്ങനെ: 'ഇതെൻെറ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച സേവാണ്. തികച്ചും അവിശ്വസനീയം'.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശ്രമങ്ങളിലൊന്നായിരുന്നു ഇതെന്നും പ്രകടനത്തെ വണങ്ങുന്നുവെന്നുമാണ് ദക്ഷിണാഫ്രിക്കൻ ഫീൽഡിങ് ഇതിഹാസം ജോൻഡി റോഡ്സ് പ്രതികരിച്ചത്.
2015ൽ ഒരു അപകടത്തിൽ പെട്ട് കാലുകൾക്ക് ഗുരുതര പരിക്കേറ്റ പുരാൻ കഠിന പരിശ്രമത്തിലൂടെയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. മത്സരത്തിൽ 8 പന്തിൽ നിന്നും 25 റൺസെടുത്ത് പുറത്താകാതെ നിന്ന പുരാൻ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.