ദുബൈ: രാജ്യാന്തര ക്രിക്കറ്റിൽ പുതിയ നിബന്ധനകളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). പന്തിൽ തുപ്പൽ പുരട്ടരുത്, പുതിയ ബാറ്റർ സ്ട്രൈക്ക് ചെയ്യണം, മങ്കാദിങ്ങിനെ റണ്ണൗട്ടായി പരിഗണിക്കും, ബാറ്ററുടെ ശ്രദ്ധ തെറ്റിച്ചാൽ അഞ്ച് റൺസ് നൽകും, പിച്ചിന് പുറത്തിറങ്ങി ബാറ്റ് ചെയ്യരുത് തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങൾ.
ഒക്ടോബർ ഒന്നു മുതൽ നിലവിൽ വരും. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഐ.സി.സി കമ്മിറ്റിയാണ് നിയമമാറ്റങ്ങൾ തയാറാക്കിയത്. പുതിയ നിയമങ്ങൾ ഇവയാണ്.
പുതുതായി ക്രീസിലേക്ക് എത്തുന്ന ബാറ്ററായിരിക്കണം ഇനി മുതൽ സ്ട്രൈക്ക് ചെയ്യേണ്ടത്. നേരത്തെ, ക്യാച്ചെടുക്കുന്ന സമയത്ത് നോൺ സ്ട്രൈക്കർ പിച്ചിന്‍റെ പകുതി പിന്നിട്ടാൽ നോൺ സ്ട്രൈക്കറായിരുന്നു ബാറ്റ് ചെയ്യേണ്ടിയിരുന്നത്. ഇനി മുതൽ നോൺ സ്ട്രൈക്കർ മറു ക്രീസിൽ എത്തിയാലും പുതിയ ബാറ്ററായിരിക്കണം സ്ട്രൈക്ക് ചെയ്യേണ്ടത്.
പന്തിൽ തുപ്പൽ പുരട്ടുന്നത് കോവിഡ് കാലത്ത് നിരോധിച്ചിരുന്നു. ഇത് നിയമമാക്കി മാറ്റി. ഇതോടെ, ഇനി മുതൽ പന്തിൽ തുപ്പൽ പുരട്ടുന്നത് കുറ്റകരമായിരിക്കും.
ബാറ്റർമാർ പിച്ചിന് പുറത്തിറങ്ങി കളിക്കുന്നത് അനുവദിക്കില്ല. പിച്ചിന് പുറത്തേക്ക് വൈഡ് പോകുന്ന പന്തുകൾ ഓടിയെത്തി ബാറ്റർമാർ അടിക്കുന്ന പതിവ് ഇതോടെ നിൽക്കും. എന്നാൽ, ഈ പന്തുകൾ നോബോളായി പരിഗണിക്കും.
നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ഒരു ഫീൽഡറെ കൂടി സർക്കിളിനുള്ളിൽ ഫീൽഡിങ്ങിന് നിയമിക്കേണ്ടിവരും. ഇതോടെ സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരെ ഉണ്ടാവൂ.
ഏത് ഓവർ മുതലാണോ സമയം പാലിക്കാത്തത് ആ ഓവർ മുതൽ അഞ്ച് ഫീൽഡർമാർ സർക്കിളിനുള്ളിൽ വേണ്ടിവരും. സാധാരണ, പവർ േപ്ല കഴിഞ്ഞാൽ നാല് ഫീൽഡർമാരാണ് സർക്കിളിനുള്ളിൽ കളിക്കേണ്ടത്. നേരത്തെ ട്വന്‍റി-20യിൽ നടപ്പാക്കിയ ഈ നിയമം ഏകദിനത്തിലേക്ക് കൂടി വ്യാപിപ്പിക്കും.
ഒരാൾ ഔട്ടാകുന്നതോടെ പുതിയ ബാറ്റർ രണ്ട് മിനിറ്റിനുള്ളിൽ ക്രീസിലെത്തണം. ട്വന്‍റി-20യിൽ ഒന്നര മിനിറ്റിനുള്ളിൽ ബാറ്റ്സ്മാൻ ക്രീസിലെത്തിയിരിക്കണം. നേരത്തെ ഇത് മൂന്ന് മിനിറ്റായിരുന്നു. സമയത്തിന് ബാറ്റർ എത്തിയില്ലെങ്കിൽ എതിർ ടീം ക്യാപ്റ്റന് ടൈം ഔട്ടിന് അപ്പീൽ ചെയ്യാം.
ബോൾ എറിയുന്നതിന് മുൻപേ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കറെ ഔട്ടാക്കുന്നത് റൺഔട്ടിന്‍റെ പട്ടികയിൽ ഉൾപെടുത്തി. മങ്കാദിങ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ നിയമം ഇടക്കിടെ വിവാദമാകാറുണ്ട്. നേരത്തെ ഇത്തരം ഔട്ടുകളെ അൺഫെയർ പ്ലേ എന്നാണ് വിളിച്ചിരുന്നത്.
ബാറ്റിങ്ങിനിടെ എതിർ ടീം അംഗങ്ങൾ ബാറ്ററുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ പ്രവർത്തിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് എക്സട്രാ നൽകും. ഈ ബോൾ ഡെഡ് ബോളായും കണക്കാക്കും. ബൗളർ റണ്ണപ്പ് തുടങ്ങിയാൽ ഫീൽഡർമാർ സംസാരിക്കാൻ പോലും പാടില്ല എന്നാണ് നിയമം.
പന്ത് എറിയുന്നതിനുമുമ്പ് ക്രീസിൽനിന്ന് സ്റ്റെപ്പൗട്ട് ചെയ്ത് അടിക്കാൻ ശ്രമിക്കുന്ന ബാറ്ററെ 'റണ്ണൗട്ടാ'ക്കൻ കഴിയില്ല. പന്ത് എറിയുന്നതിനു മുമ്പേ ബാറ്റർമാർ ക്രീസിനു പുറത്തിറങ്ങാറുണ്ട്. ഈ സമയം ചില ബൗളർമാർ ബൗളിങ് നിർത്തിവെച്ച ശേഷം പന്ത് സ്റ്റമ്പിന് നേരെ എറിയാറുമുണ്ട്. ഇത്തരത്തിൽ സ്റ്റമ്പിൽ കൊണ്ടാലും ഔട്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.