ന്യൂയോർക്ക്: ക്രിക്കറ്റിൽ റണ്ണൊഴുക്കിന്റെ ഫോർമാറ്റെന്നാണ് ട്വന്റി 20യെ വിശേഷിപ്പിക്കാറ്. അതിന്റെ ലോകകപ്പ് വരുമ്പോൾ ആരാധകരുടെ മനസ്സിലും വെടിക്കെട്ടുകളേറെ പിറവിയെടുത്തിരിക്കും. ഇത്തവണ യു.എസ്.എയും വെസ്റ്റിൻഡീസും സഹ ആതിഥേയരായി ലോകകപ്പിന് വേദിയൊരുക്കുമ്പോൾ ഏറെ പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ആരാധകർ.
എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിൽ ചില ടീമുകൾ മൂന്ന് വീതവും മറ്റുള്ളവ രണ്ട് വീതവും മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. റണ്ണൊഴുകാൻ മടിച്ചുനിൽക്കുന്ന യു.എസിലെ പിച്ചുകളിൽ ആര് വീഴുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണിപ്പോൾ. ഏത് വമ്പനെയും വീഴ്ത്താൻ കുഞ്ഞൻ ടീമുകൾക്കാവുമെന്ന് പലതവണ തെളിയിക്കപ്പെട്ടുകഴിഞ്ഞു. പോയന്റ് ടേബിളിലേക്ക് നോക്കിയാൽ അതിന് ഒന്നുകൂടി വ്യക്തത ലഭിക്കും.
ഗ്രൂപ്പ് ‘എ’യിൽനിന്ന് മുൻ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്താനും അനായാസം സൂപ്പർ എട്ടിലേക്ക് മുന്നേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് യു.എസ്.എ പാകിസ്താന്റെ വഴി മുടക്കുന്ന സ്ഥിതിയാണ്. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ റൺറേറ്റിന്റെ ബലത്തിലാണ് യു.എസ്.എയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നത്. പാകിസ്താനാവട്ടെ, രണ്ട് കളിയും തോറ്റ് പോയന്റൊന്നുമില്ലാതെ നാലാം സ്ഥാനത്താണ്. ഒരു മത്സരം ജയിച്ച കാനഡ പാകിസ്താന് തൊട്ടു മുന്നിലുള്ളപ്പോൾ രണ്ട് കളിയും തോറ്റ അയർലൻഡാണ് അഞ്ചാമതുള്ളത്. സൂപ്പർ എട്ടിലെത്താൻ പാകിസ്താന് അടുത്ത രണ്ട് മത്സരവും ജയിക്കണമെന്ന് മാത്രമല്ല, യു.എസ്.എയും കാനഡയും തോൽക്കുകയും റൺറേറ്റിൽ മുന്നിലെത്തുകയും വേണം.
ഗ്രൂപ്പ് ‘ബി’യിലും സമാന സ്ഥിതിയാണ്. മഴ കാരണം ഉപേക്ഷിച്ച മത്സരത്തിൽനിന്ന് ലഭിച്ച ഒറ്റ പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ഈ ഗ്രൂപ്പിൽ രണ്ട് ജയവും ഉപേക്ഷിച്ച മത്സരത്തിൽനിന്നുള്ള ഒരു പോയന്റും സഹിതം അഞ്ച് പോയന്റുമായി സ്കോട്ട്‍ലൻഡാണ് മുന്നിലുള്ളത്. മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയ കളിച്ച രണ്ട് മത്സരവും ജയിച്ച് രണ്ടാമതാണ്. രണ്ട് പോയന്റുമായി നമീബിയ മൂന്നാം സ്ഥാനത്തുള്ളപ്പോൾ മൂന്ന് മത്സരങ്ങളും തോറ്റ ഒമാൻ പുറത്തായിക്കഴിഞ്ഞു.
ഗ്രൂപ്പ് ‘സി’യിൽ കളിച്ച ഏക മത്സരം തോറ്റ ന്യൂസിലാൻഡ് ഏറ്റവും അവസാന സ്ഥാനത്താണ്. രണ്ട് മത്സരവും ജയിച്ച അഫ്ഗാനിസ്ഥാൻ ഒന്നും വെസ്റ്റിൻഡീസ് രണ്ടും സ്ഥാനത്തുള്ളപ്പോൾ ഒരു മത്സരം ജയിച്ച യുഗാണ്ട മൂന്നും പാപ്വ ന്യൂ ഗിനിയ നാലും സ്ഥാനത്തുണ്ട്.
ഗ്രൂപ്പ് ഡിയിൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്തായ ശ്രീലങ്കയും പുറത്താകൽ ഭീഷണിയിലാണ്. കളിഞ്ഞ മൂന്ന് മത്സരവും ജയിച്ച ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ ഇടം പിടിച്ചുകഴിഞ്ഞു. ഒരു മത്സരം വീതം ജയിച്ച ബംഗ്ലാദേശും നെതർലാൻഡ്സും രണ്ടും മൂന്നും സ്ഥാനത്തുള്ളപ്പോൾ നേപ്പാളാണ് നാലാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.