ബംഗളൂരു: മാതാപിതാക്കളിൽ ആരുടെ പിന്തുടർച്ചക്കാരനാകണമെന്നതിൽ 14ാം വയസ്സുവരെ പ്രസിദ്ധ് കൃഷ്ണക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. അച്ഛൻ മുരളി കൃഷ്ണയുടെ വഴിയേ ക്രിക്കറ്റ് കളിക്കണോ അതോ അമ്മ കലാവതിയെപ്പോലെ അറിയപ്പെടുന്ന വോളിബാൾ താരമാവണോ എന്നതായിരുന്നു അവന്‍റെ ആശയക്കുഴപ്പം. ബംഗളൂരുവിലെ കാർമൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് വോളിബാളിൽ സ്പൈക്കറായി നിറഞ്ഞുകളിക്കുകയും ചെയ്തിരുന്ന പയ്യൻ 14ാം വയസ്സിൽ ക്രിക്കറ്റ് ക്രീസിൽ ഗാർഡെടുക്കാൻ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ അരങ്ങേറി ചരിത്രനേട്ടത്തിലേക്ക് പ്രസിദ്ധ് പന്തെറിയുേമ്പാൾ പുലർന്നത് ആ തീരുമാനത്തിന്‍റെ പ്രതിഫലനമായിരുന്നു.
പിതാവ് മുരളി കോളജ് തലത്തിൽ കളിച്ചിരുന്ന ഫാസ്റ്റ് ബൗളറായിരുന്നു. കലാവതിയാകട്ടെ, സംസ്ഥാന തല വോളിബാൾ കളിക്കാരിയും. കാർമൽ സ്കൂളിൽ പഠിക്കുേമ്പാൾ അവിടെ പരിശീലകനായിരുന്ന ശ്രീനിവാസ് മൂർത്തിയാണ് ക്രിക്കറ്റിൽ ഉറച്ചുനിൽക്കാൻ പ്രസിദ്ധിനെ പ്രേരിപ്പിച്ചത്. കർണാടകയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്നു മൂർത്തി. അതോടെയാണ് പിതാവിന്‍റെ വഴിയേ അവൻ ബൗളിങ് എൻഡിൽ മുഴുനീള റണ്ണപ്പെടുത്ത് തുടങ്ങിയത്.
'സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുേമ്പാൾ നല്ല ഉയരമുണ്ടായിരുന്നു അവന്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്തുതന്നെ നല്ല വേഗത്തിൽ പന്തെറിയുമായിരുന്നു. ഏജ് ഗ്രൂപ്പ് ക്രിക്കറ്റിൽ കളിച്ചുതുടങ്ങാൻ കോച്ച് ശ്രീനിവാസ് മൂർത്തിയാണ് പറഞ്ഞത്. ക്രിക്കറ്ററാകാൻ അവൻ തീരുമാനിച്ചത് അന്നുമുതലാണ്.' -പിതാവ് മുരളി കൃഷ്ണ പറഞ്ഞു.
ഏജ് ഗ്രൂപ്പ് ക്രിക്കറ്റിൽ പ്രസിദ്ധിന്‍റെ ഉയർച്ച പെട്ടെന്നായിരുന്നു. 2015-16ൽ കർണാടകക്കുവേണ്ടി അവൻ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. രണ്ടു വർഷത്തിനുശേഷം ചെന്നൈയിലെ എം.ആർ.എഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനം തേടിയ പ്രസിദ്ധ് അവിടെവെച്ചാണ് കഴിവുകൾ തേച്ചുമിനുക്കുന്നത്. ബൗളിങ്ങിന് മൂർച്ച കൂട്ടിയ താരം, ഭാരം കുറച്ചും ഫിറ്റ്നസിന് പ്രാധാന്യം നൽകിയും കൂടുതൽ കരുത്തനായി. മണിക്കൂറിൽ 145 കി.മീ വേഗത്തിൽ പന്തെറിയുന്ന ബൗളറാണിന്ന് പ്രസിദ്ധ്.
2016-17 സീസണിലെ ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 16.6 ശരാശരിയിൽ 13 വിക്കറ്റ് നേടിയ പ്രസിദ്ധ് അടുത്ത വർഷം 17 വിക്കറ്റെടുത്തു. ആ വർഷം വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലെത്തി. ഇന്ത്യ എ ടീമിന്‍റെ ഭാഗമായി. ഒടുവിൽ 25ാം വയസ്സിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം. പുണെയിൽ 54 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത് ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ഫാസ്റ്റ്ബൗളറുടെ ഏറ്റവും മികച്ച പ്രകടനം സ്വന്തം പേരിലാക്കി പ്രസിദ്ധ് വരവറിയിച്ചു. ഇനി അതേ മികവിൽ തുടർന്ന് ദേശീയ ടീമിൽ കൂടുതൽ നേട്ടങ്ങളാണ് ഈ യുവ ബൗളറുടെ സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.