അഹ്മദാബാദ്: ഐ.പി.എല്ലിൽ അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് 11 റൺസിന്‍റെ വിജയം. 244 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റൻസിന്‍റെ ഇന്നിങ്സ് 232 റൺസിൽ അവസാനിച്ചു. സായ് സുദർശനും (74) ജോസ് ബട്ട്ലറും (54) അർധ സെഞ്ച്വറികൾ നേടിയെങ്കിലും റൺമല താണ്ടാൻ ടൈറ്റൻസിനായില്ല. സ്കോർ: പഞ്ചാബ് കിങ്സ് - 20 ഓവറിൽ അഞ്ചിന് 243, ഗുജറാത്ത് ടൈറ്റൻസ് - 20 ഓവറിൽ അഞ്ചിന് 232.
മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ചു തുടങ്ങിയ ടൈറ്റൻസിനായി ഓപണർമാർ 61 റൺസ് കൂട്ടിച്ചേർത്തു. 14 പന്തിൽ 33 റൺസെടുത്ത നായകൻ ശുഭ്മൻ ഗില്ലാണ് ആദ്യം വീണത്. രണ്ട് ഫോറും മൂന്ന് സിക്സുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 13-ാം ഓവറിൽ സ്കോർ 145ൽ നിൽക്കേ സായ് സുദർശന്‍റെ വിക്കറ്റ് വീണു. 41 പന്തിൽ അഞ്ച് ഫോറും ആറ് സിക്സും സഹിതം 74 റൺസാണ് താരം അടിച്ചെടുത്തത്. അർഷ്ദീപ് സിങ്ങിനാണ് വിക്കറ്റ്.
പിന്നീടൊന്നിച്ച ജോസ് ബട്ട്ലറും ഷെർഫാൻ റുഫർഫോർഡും ചേർന്ന് ടൈറ്റൻസിന്‍റെ ജയപ്രതീക്ഷ വിടാതെ കാത്തു. അർധ സെഞ്ച്വറി പിന്നിട്ട ബട്ട്ലർ 18-ാം ഓവറിലെ അവസാന പന്തിൽ ബൗൾഡായി. മാർക്കോ യാൻസന്റെ പന്ത് ഇൻസൈഡ് എഡ്ജ് തട്ടി സ്റ്റമ്പിലേക്ക് തിരിയുകയായിരുന്നു. 33 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 54 റൺസാണ് ബട്ട്ലറുടെ സംഭാവന. രാഹുൽ തെവാട്ടിയയെ (ആറ്) റണ്ണൗട്ടാക്കിയതിനു പിന്നാലെ, 46 റൺസ് നേടിയ റുഥർഫോർഡിനെയും അർഷ്ദീപ് പുറത്താക്കി. ഷാറൂഖ് ഖാനും (ആറ്*) അർഷദ് ഖാനും (ഒന്ന്*) പുറത്താകാതെനിന്നു.
നായകന്‍റെ ഇന്നിങ്സുമായി കളംനിറഞ്ഞു കളിച്ച ശ്രേയസ് അയ്യരുടെ അപരാജിത അർധ സെഞ്ച്വറിയുടെ മികവിലാണ് പഞ്ചാബ് അയൽക്കാർക്കു മുന്നിൽ 244 റൺസിന്‍റെ കൂറ്റൻ വിജലക്ഷ്യം ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് കിങ്സ് അടിച്ചെടുത്തത്. മത്സരത്തിൽ ടോസ് നേടിയ ടൈറ്റൻസ് കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
തകർത്തടിച്ചു തുടങ്ങിയ പഞ്ചാബിന് നാലാം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങിന്‍റെ (അഞ്ച്) വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് പ്രിയാൻഷ് ആര്യ സ്കോറുയർത്തി. 23 പന്തിൽ 47 റൺസടിച്ച പ്രിയാൻഷിനെ ഏഴാം ഓവറിൽ റാഷിദ് ഖാൻ മടക്കി. വന്നിറങ്ങിയ പാടെ റാഷിദിനെ സിക്സറടിച്ച് തുടങ്ങിയ അസ്മത്തുല്ല ഒമർസായിക്ക് പക്ഷേ വലിയ സ്കോർ കണ്ടെത്താനായില്ല. 15 പന്തിൽ 16 റൺസെടുത്തുനിൽക്കേ അർഷദ് ഖാന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങി.
കൂറ്റനടികൾക്ക് പേരുകേട്ട ഗ്ലെൻ മാക്സ്വെൽ ആദ്യ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. റിവ്യൂ എടുക്കാതെ താരം മടങ്ങിയത് വിനയായെന്ന് ടി.വി റിപ്ലേയിൽ വ്യക്തമായി. പന്ത് വിക്കറ്റ് മിസ്സാകുന്നത് നിരാശയോടെ പവലിയനിലിരുന്ന് കാണാനായിരുന്നു മാക്സ്വെലിന്‍റെ വിധി. മാർകസ് സ്റ്റോയിനിസ് 15 പന്തിൽ 20 റൺസെടുത്തു. അവസാന ഓവറുകളിൽ ശശാങ്ക് സിങ് കൂടി തകർത്തടിച്ചതോടെ പഞ്ചാബിന്‍റെ സ്കോറിങ് നിരക്കുയർന്നു. ശശാങ്ക് 16 പന്തിൽ 44ഉം ശ്രേയസ് 42 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു. ടൈറ്റൻസിനായി സായ് കിഷോർ മൂന്ന് വിക്കറ്റ് നേടി.
അവസാന ഓവറുകളിൽ സ്ട്രൈക്ക് എൻഡിൽ അവസരം ലഭിക്കാതിരുന്നതോടെയാണ് ശ്രേയസിന് സെഞ്ച്വറി നഷ്ടമായത്. എന്നാൽ ടീമിന് വേണ്ടി കളിക്കാനും തനിക്ക് സെഞ്ച്വറി നേടുകയെന്നത് പ്രധാനമല്ലെന്നും നായകൻ പറഞ്ഞതായി ഇന്നിങ്സ് ബ്രേക്കിനിടെ ശശാങ്ക് വ്യക്തമാക്കി. അഞ്ച് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിങ്സ്. ശശാങ്കാകട്ടെ ആറു ഫോറും രണ്ട് സിക്സുമടക്കമാണ് 44 റൺസടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.