മൊഹാലി: 111 റൺസിന് പുറത്താക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. 16 റൺസിനാണ് പഞ്ചാബിന്റെ അവശ്വസനീയ ജയം.
നാല് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസന്റെയും ഗംഭീര സ്പെല്ലാണ് കൊൽക്കത്തയുടെ വിജയ മോഹങ്ങളെ തകർത്തെറിഞ്ഞത്. അവസാന വിക്കറ്റ് വരെ കൊൽക്കത്തക്ക് വിജയ പ്രതീക്ഷ നൽകിയ ആന്ദ്രേ റസ്സലിനെ (17) മാർക്കോ ജാൻസൻ ക്ലീൻ ബൗൾഡാക്കിയതോടെ കൊൽക്കത്തയുടെ ഇന്നിങ്സ് 95 റൺസിൽ അവസാനിച്ചു. ഐ.പി.എല്ലിൽ ഒരു ടീം ഡിഫൻഡ് ചെയ്യുന്ന ഏറ്റവും ചെറിയ സ്കോറാണിത്. ജയത്തോടെ പഞ്ചാബ് പോയിന്‍റ് പട്ടികയിൽ നാലാമതായി.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്ത് വേണ്ടി 37 റൺസെടുത്ത ആൻക്രിഷ് രഘുവംശി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസലിനെ കൂടാതെ 17 റൺസെടുത്ത നായകൻ അജിങ്ക്യ രഹാനെയും മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 15.3 ഓവറിൽ 111 റൺസിൽ ഓൾഔട്ടാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിദ് റാണയാണ് പഞ്ചാബിന് കനത്ത പ്രഹരമേൽപ്പിച്ചത്. 15 പന്തിൽ 30 റൺസെടുത്ത പ്രഭ്സിമ്രാൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വെടിക്കെട്ട് തുടക്കമാണ് പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാനും ചേർന്ന് നൽകിയത്.
12 പന്തിൽ 22 റൺസെടുത്ത പ്രിയാൻഷിനെ പുറത്താക്കിയാണ് റാണ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അതേ ഓവറിൽ റൺസെടുക്കും മുൻപെ നായകൻ ശ്രേയസ് അയ്യരെയും പുറത്താക്കി റാണ ഞെട്ടിച്ചു. തുടർന്നെത്തിയ ജോഷ് ഇംഗ്ലിസിനെ വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കിയതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി. ഫോമിലേക്ക് നീങ്ങിയ പ്രഭ്സിംറാനെ വീഴ്ത്തി റാണ വീണ്ടും ഞെട്ടിച്ചതോടെ പഞ്ചാബിന്റെ കാര്യം ഏറെകുറേ തീരുമാനമായി.
പിന്നീട് കാര്യങ്ങൾ എളുപ്പമായിരുന്നു. നേഹൽ വധേര (10), ഗ്ലെൻ മാക്സ്വെൽ (7), സൂര്യാൻഷ് ഷെഡ്ജ്(4), ശശാങ്ക് സിങ് (18), മാർകോ ജാൻസൻ (1) സേവിയർ ബർത്ലേറ്റ് (11) എന്നിവരെല്ലാം കൂട്ടത്തോടെ കളംവിടുമ്പോൾ 27 പന്തുകൾ ഇനിയും ഇന്നിങ്സിൽ ബാക്കിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.