കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്ലേ ഓഫിൽ പോലും ഇടംനേടാനാകാതെ പോയ ടീമാണ് പഞ്ചാബ് കിങ്സ്. നിരാശപ്പെടുത്തുന്ന ചരിത്രം മാറ്റിമറിക്കാനാണ് ഇത്തവണ പഞ്ചാബി പടയൊരുക്കം. പുതിയ ലക്ഷ്യത്തിലെത്താൻ കോച്ചും ക്യാപ്റ്റനുമടക്കം ടീമിൽ അടിമുടി മാറ്റങ്ങളുമായാണ് ‘രാജാക്കന്മാർ’ കച്ചകെട്ടിയിറങ്ങുന്നത്. 2014ലെ രണ്ടാം സ്ഥാനമാണ് ഇതുവരെയുള്ള വലിയ നേട്ടം.
കഴിഞ്ഞ തവണ ഒമ്പതാം സഥാനത്തും 2023ൽ എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്യാനേ ടീമിന് കഴിഞ്ഞിരുന്നുള്ളു. ടീമിനെ അടിക്കടി മാറ്റിയിട്ടും പഞ്ചാബിന് കാര്യമായ ഇംപാക്ട് ഉണ്ടാക്കാൻ കഴിയാത്ത ക്ഷീണം ഈ സീസണിൽ മറികടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കിങ്സ് ടീം. മുൻ ആസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങാണ് ടീമിന്റെ പുതിയ പരിശീലകൻ. പോണ്ടിങ്ങിന്റെ അനുഭവ സമ്പത്ത് പഞ്ചാബിന് വലിയ ആത്മവിശ്വാസം നൽകും. ഇന്ത്യൻ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ ക്യാപ്റ്റനായാണ് പഞ്ചാബിൽ അരങ്ങേറ്റം കുറിക്കുന്നത്. നേരത്തെ കൊൽക്കത്ത നായകനായിരുന ശ്രേയസ് അയ്യർ ടീമിനൊപ്പം ചേർന്നതോടെ കരുത്തുറ്റ ടീമായി തന്നെയാണ് പഞ്ചാബിനെ വിലയിരുത്തുന്നത്.
ലക്ഷ്യം ആദ്യ കിരീടം
ആദ്യ കിരീടമെന്ന സ്വപ്നത്തിലേക്കാണ് പഞ്ചാബ് കിങ്സ് കൈയും തലയും മുറുക്കി ഇറങ്ങുന്നത്. കന്നിക്കിരീടത്തിനായി രാജകീയ കളി തന്നെ പുറത്തെടുത്ത്, ചാമ്പ്യന്മാരാകാത്ത ടീമെന്ന പേര് അവർക്ക് മാറ്റേണ്ടതുണ്ട്. അയ്യരുടെ കീഴിൽ മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലിസ് എന്നിവരായിരിക്കും ബാറ്റിങ് കരുത്ത്. മധ്യനിരയിലും വാലറ്റത്തും ശശാങ്ക് സിങ്ങും പ്രഭ്സിമ്രാൻ സിങ്ങും മുതൽക്കൂട്ടാവും.
മക്സ്വെല്ലിനൊപ്പം ഹർപ്രീത് ബ്രാർ, അസ്മത്തുല്ല ഉമർസായി തുടങ്ങി ഒമ്പത് മികച്ച ഓൾറൗണ്ടർമാരാണ് പഞ്ചാബിന്റെ പ്രത്യേകത. ബൗളിങ്ങിൽ അർഷദീപ് സിങ്ങായിരിക്കും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുക. കൂട്ടിന് ലോക്കി ഫെർഗൂസണും കുൽദീപ് സെനും പിന്തുണ നൽകും. രാജസ്ഥാൻ റോയൽസിൽ നിന്നെത്തിയ യുസ് വേന്ദ്ര ചാഹൽ സ്പിൻ ആക്രമണത്തിൽ ഫോമായാൽ പഞ്ചാബിന് വലിയ പ്രതീക്ഷയാകും. മാർച്ച് 25ന് ഗുജറാത്ത് ടൈറ്റൻസുമായാണ് പഞ്ചാബിന്റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.