തിരുവനന്തപുരം: ഈ മാസം 17ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കേരള ടീമിൽ നാലു പുതുമുഖങ്ങൾ ഇടംപിടിച്ചു. ബാറ്റർമാരായ വരുൺ നായനാർ, ആനന്ദ് കൃഷ്ണൻ, പേസർമാരായ എഫ്. ഫാനൂസ്, ഏദൻ ആപ്പിൾ ടോം എന്നിവരാണ് പുതുതാരങ്ങൾ.
അതിനിടെ, അതിഥിതാരം റോബിൻ ഉത്തപ്പക്ക് പുറമേ സൂപ്പർ താരം സഞ്ജു സാംസണും പരിക്കേറ്റ് പുറത്തായി. ഇതോടെ സഞ്ജുവിനെ ഒഴിവാക്കിക്കൊണ്ടാണ് ടീം കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സഞ്ജുവിനെ ശാരീരികക്ഷമത തെളിയിക്കുന്ന മുറക്ക് ടീമിൽ ഉൾപ്പെടുത്തുമെന്ന് കെ.സി.എ വാർത്തകുറിപ്പിൽ അറിയിച്ചു. സചിന് ബേബി തന്നെയാണ് ക്യാപ്റ്റന്‍. വിഷ്ണു വിനോദ് ഉപനായകനാവും.
ഐ.പി.എല്ലിനായി കച്ചമുറുക്കുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തും ടീമിലുണ്ട്. ഒമ്പത് വർഷത്തിനുശേഷമാണ് ശ്രീശാന്ത് രഞ്ജി കളിക്കുന്നത്. കഴിഞ്ഞ ഡിസംബർ 26ന് പ്രഖ്യാപിച്ച സാധ്യത ടീമിൽനിന്ന് അക്ഷയ് ചന്ദ്രൻ, ആനന്ദ് ജോസഫ്, എം. അരുൺ, വൈശാഖ് ചന്ദ്രൻ എന്നിവരെയും ഒഴിവാക്കി.
ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ എന്നിവയടങ്ങുന്ന എലൈറ്റ് എ ഗ്രൂപ്പിലാണ് കേരളം. രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങൾ. 17 മുതൽ 20 വരെ മേഘാലയയുമായാണ് ആദ്യ മത്സരം. 24 മുതൽ 27 വരെ ഗുജറാത്തിനെയും മാർച്ച് മൂന്നുമുതൽ ആറുവരെ മധ്യപ്രദേശിനെയും കേരളം നേരിടും. രഞ്ജി ട്രോഫിക്ക് കേരളവും ഇത്തവണ വേദിയാകും. ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, സർവിസസ്, ഉത്തരാഖണ്ഡ് എന്നിവയടങ്ങുന്ന എലൈറ്റ് ഇ ഗ്രൂപ്പ് മത്സരങ്ങളാണ് ഫെബ്രുവരി 17 മുതൽ മാർച്ച് ആറുവരെ തിരുവനന്തപുരത്തെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുക.
സാധ്യതാ ടീം: സചിന് ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്, രോഹന് കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി. രാഹുല്‍, സല്മാന് നിസാര്‍, ജലജ് സക്സേന, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുന്, എന്‍.പി. ബേസില്‍, എം.ഡി. നിധീഷ്, മനു കൃഷ്ണന്, ബേസില്‍ തമ്പി, എഫ്. ഫാനൂസ്, എസ്. ശ്രീശാന്ത്, വരുണ്‍ നായനാര്‍, വിനൂപ് മനോഹരന്, ഏദൻ ആപ്പിൾ ടോം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.