ആലപ്പുഴ: രഞ്ജി ട്രോഫി പുതുസീസണിൽ വിജയത്തുടക്കം പ്രതീക്ഷിച്ചിറങ്ങിയ കേരളത്തിന് ഉത്തർപ്രദേശുമായുള്ള മത്സരത്തിൽ സമനില. അവസാന ദിനം സന്ദർശകർ മുന്നോട്ടുവെച്ച 383 എന്ന ശ്രമകരമായ ലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് നേടാനേ സാധിച്ചുള്ളൂ. 29 റൺസുമായി രോഹൻ പ്രേമും ഒരു റണ്ണുമായി സച്ചിൻ ബേബിയും പുറത്താകാതെ നിന്നു. ഫലമുണ്ടാകില്ലെന്ന് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ചായ സമയത്തിന് മുമ്പ് മത്സരം അവസാനിപ്പിക്കുകയായിരുന്നു. സ്കോർ: കേരളം 243, 2-72, ഉത്തർപ്രദേശ് 302, 323/3 ഡിക്ല. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ യു.പിക്ക് മൂന്നും കേരളത്തിന് ഒരു പോയന്റും ലഭിച്ചു.
അവസാന നാൾ സെഞ്ച്വറി നേടിയ പ്രിയം ഗാർഗിന്റെ പ്രകടനമാണ് യു.പി. ഇന്നിങ്സിന് കരുത്തായത്. പ്രിയം 106 റൺസ് നേടി. നാലാം ദിനം ഒന്നിന് 219 എന്ന സ്കോറിൽ കളി ആരംഭിച്ച യു.പിക്ക് ഒരു റൺ കൂടി കൂട്ടിച്ചേർക്കവെ 115 റൺസ് നേടിയ ക്യാപ്റ്റൻ ആര്യൻ ജുയലിനെ നഷ്ടമായി. രണ്ടാമത്തെ ഓവറിൽ ബേസിൽ തമ്പി ആര്യനെ വിക്കറ്റിനു മുന്നിൽ എൽ.ബി.ഡബ്ല്യുവിൽ കുടുക്കുകയായിരുന്നു.
അഫ്ഗാനിസ്താനെതിരായ ട്വന്റി 20 ടീമിൽ ഇടംലഭിച്ച കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്ക് ഭയന്ന് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. എട്ട് ഓവർ ബൗൾ ചെയ്തപ്പോൾ 10.15 ഓടെ വെളിച്ചക്കുറവ് മൂലം മത്സരം മുക്കാൽ മണിക്കൂർ നിർത്തിവെച്ചു. തുടർന്ന് കളി പുനരാരംഭിച്ചപ്പോൾ റൺവേഗം കൂട്ടുന്ന പ്രകടനമാണ് സന്ദർശകർ പുറത്തെടുത്തത്.
ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ സന്ദർശകരുടെ സ്കോർ 298ലെത്തി. ലഞ്ചിനു ശേഷം ഫോറടിച്ച് പ്രിയം ഗാർഗ് തന്റെ സെഞ്ച്വറിയും തികച്ചു. എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഗാർഗിന്റെ ഇന്നിങ്സ്. ഗാർഗും അക്ഷദീപ് നാഥും ചേർന്ന് 103 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സ്കോർ 323ലെത്തിയപ്പോൾ പ്രിയം ഗാർഗിനെ ശ്രേയസ് ഗോപാൽ എൽ.ബി.ഡബ്ല്യു ആക്കിയതോടെ യു.പി. ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
ആദ്യ ഇന്നിങ്ങ്സിലെ 59 റൺസ് ലീഡ് ഉൾപ്പെടെ 383 റൺസിന്റെ വിജയ ലക്ഷ്യമായിരുന്നു കേരളത്തിനു മുന്നിൽ. രണ്ടാം ഇന്നിങ്സ് ആരംഭിച്ച് ആറാം ഓവറിൽ 13 റൺസിലെത്തിയപ്പോൾ കേരളത്തിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. കന്നി രഞ്ജിട്രോഫി മത്സരം കളിച്ച കൃഷ്ണപ്രസാദ് രണ്ടാം ഇന്നിങ്ങ്സിലും റണ്ണൊന്നും നേടാതെ പുറത്തായി.
പത്ത് പന്തുകൾ നേരിട്ട കൃഷ്ണപ്രസാദിനെ സൗരഭ്കുമാർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് രോഹൻ എസ്. കുന്നുമ്മലും രോഹൻ പ്രേമും ചേർന്ന് കേരളത്തിന്റെ ഇന്നിങ്സ് കുറച്ചുനേരം പിടിച്ചുനിർത്തി. എന്നാൽ കുൽദീപ് യാദവിനെ ഓഫ് സൈഡിലേക്ക് ഉയർത്തി അടിക്കാനുള്ള ശ്രമത്തിൽ 42 റൺസ് നേടിയ രോഹൻ യാഷ് ദയാലിന്റെ കൈകളിൽ പന്തെത്തിച്ച് ഔട്ടായി. രണ്ടിന് 70. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അങ്കിത് രജ്പുത്താണ് കളിയിലെ കേമൻ.
കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങൾ നിർണായകമായി. 12 മുതൽ ഗുവാഹതിയിൽ അസമുമായാണ് അടുത്ത കളി. 19 മുതൽ തിരുവനന്തപുരത്ത് മുംബൈയെയും നേരിടണം. ശക്തരായ ഛത്തിസ്ഗഢ്, ബിഹാർ, ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവരുമായാണ് ശേഷിക്കുന്ന മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.