പുണെ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ ആർ. അശ്വിൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന നേട്ടമാണ് അശ്വിൻ കൈവരിച്ചത്.
രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് നഷ്ടമായ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത് അശ്വിനാണ്. നായകൻ ടോം ലാഥമിനെയും വിൽ യങ്ങിനെയുമാണ് താരം പുറത്താക്കിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ താരത്തിന്‍റെ വിക്കറ്റ് നേട്ടം 188 ആയി. ആസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിനെയാണ് (187 വിക്കറ്റുകൾ) താരം മറികടന്നത്. ഓസീസ് താരങ്ങളായ പാറ്റ് കമ്മിൻസ് (175), മിച്ചൽ സ്റ്റാർക് (147) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. പുണെ എം.സി.എ സ്റ്റേഡിയത്തിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും അശ്വിനാണ്. 15 വിക്കറ്റുകളാണ് ഈ ഗ്രൗണ്ടിൽ താരം വീഴ്ത്തിയത്.
ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കീവീസ് മികച്ച നിലയിലാണ്. നിലവിൽ 40 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. 71 റൺസുമായി ഡെവോൺ കോൺവെയും 20 റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിലുള്ളത്. ഒന്നാം ടെസ്റ്റ് കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്കു പകരം ശുഭ്മൻ ഗിൽ, വാഷിങ്ടൻ സുന്ദർ, ആകാശ്ദീപ് സിങ് എന്നിവർ ടീമിലെത്തി. ന്യൂസീലൻഡ് നിരയിൽ ഒരു മാറ്റമുണ്ട്. പരുക്കിന്റെ പിടിയിലായ മാറ്റ് ഹെൻറിക്ക് പകരം മിച്ചൽ സാന്റ്നർ പ്ലെയിങ് ഇലവനിലെത്തി.
ബംഗളൂരു ടെസ്റ്റിൽ എട്ടു വിക്കറ്റിന് പരാജയപ്പെട്ട രോഹിത് ശർമയും സംഘവും പുണെയിൽ വിജയത്തിൽ കുറഞ്ഞൊരു ഫലവും ആഗ്രഹിക്കുന്നില്ല. സ്പിന്നർമാരെ സഹായിക്കുന്നതാണ് പിച്ച്. ആദ്യ രണ്ടു ദിവസം ബാറ്റിങ്ങിനെയും പിന്നീട് സ്പിന്നർമാരെയും തുണക്കുമെന്നതിനാൽ അവസാന ദിവസങ്ങളിൽ ബാറ്റിങ് ദുഷ്കരമാകും. അതുകൊണ്ട് തന്നെ ബാറ്റിങ് തെരഞ്ഞെടുത്ത കീവീസ് പരമാവധി സ്കോർ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.