കഴിഞ്ഞ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ്ങാണ് റിങ്കു സിങ്ങിനെ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമാക്കിയത്. ഒരോവറിൽ അഞ്ച് സിക്‌സറുകൾ പായിച്ച് ആരാധകരെ താരം അമ്പരപ്പിച്ചു. റിങ്കുവിന്റെ മനോഹര ഫിനിഷിങ്ങും ക്രിക്കറ്റ് ലോകത്തിന്‍റെ മനംകവർന്നു.
ഒടുവിൽ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിലേക്കും വിളിയെത്തി. സെപ്റ്റംബർ 23 മുതൽ 28 വരെ ചൈനയിലെ ഹാൻഷുവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിലാണ് താരം ഇടംപിടിച്ചത്. ഋതുരാജ് ഗെയ്ക് വാദാണ് ടീമിന്‍റെ നായകൻ. ഇതിനിടെയാണ് ക്രിക്കറ്റിലെ തന്‍റെ ഇഷ്ടതാരത്തെ റിങ്കു വെളിപ്പെടുത്തിയത്. മുൻ താരം സുരേഷ് റെയ്നയാണ് ക്രിക്കറ്റിലെ താരത്തിന്‍റെ ആരാധനാപാത്രം.
ഐ.പി.എൽ കിങ്ങെന്നാണ് റെയ്നയെ വിശേഷിപ്പിക്കുന്നത്. പതിവായി വിളിക്കാറുണ്ടെന്നും റിങ്കു പറയുന്നു. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്. ‘സുരേഷ് റെയ്‌ന എന്റെ ആരാധനാപാത്രമാണ്. ഞാൻ അദ്ദേഹത്തെ പതിവായി ബന്ധപ്പെടാറുണ്ട്. റെയ്ന ഐ.പി.എൽ കിങ്ങാണ്, എനിക്ക് മാർഗനിർദേശങ്ങൾ നൽകാറുണ്ട്. എന്റെ കരിയറിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഭജ്ജുവും (ഹർഭജൻ സിങ്) കരിയറിൽ എന്നെ വളരെയധികം സഹായിച്ചു. അവരുടെ പിന്തുണക്ക് ഞാൻ നന്ദിയുള്ളവനാണ്. അത്തരം വലിയ കളിക്കാരുടെ പിന്തുണ, കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടുകുതിക്കാൻ നമുക്ക് പ്രചോദനമാകും’ -റിങ്കു വ്യക്തമാക്കി.
ഇന്ത്യൻ ടീം ജഴ്സിയണിയുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ വൈകാരികമായാണ് താരം പ്രതികരിച്ചത്. അതൊരു വൈകാരിക നിമിഷമാണ്, ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുമ്പോൾ കണ്ണുകൾ നിറയുമെന്നും ഈ അവസരം മാതാപിതാക്കൾക്കായി സമർപ്പിക്കുമെന്നും 25കാരനായ റിങ്കു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.