‘സ്റ്റാർക്കിന് 24.75 കോടി, നിങ്ങൾക്ക് 55 ലക്ഷം മാത്രം’; കുറഞ്ഞ ശമ്പളത്തെ കുറിച്ച ചോദ്യത്തിന് റിങ്കുവിന്‍റെ കിടിലൻ മറുപടി

മുംബൈ: ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷർ താരങ്ങളിലൊരാളാണ് റിങ്കു സിങ്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഏറ്റവും വിശ്വസ്തനായ ബാറ്റർ. കഴിഞ്ഞ ഏഴു വർഷങ്ങളായി താരം ടീമിനൊപ്പമുണ്ട്.

കൊൽക്കത്തക്കായി ഫിനിഷർ റോളിൽ തിളങ്ങിയതോടെയാണ് താരം ഇന്ത്യൻ ടീമിലെത്തിയത്. ഇത്തവണ കൊൽക്കത്തയുടെ കിരീട നേട്ടത്തിലും താരത്തിന് നിർണായക പങ്കുണ്ടായിരുന്നു. 55 ലക്ഷം രൂപയാണ് താരത്തിന് കൊൽക്കത്ത നൽകുന്നത്. എന്നാൽ, ടീമിലെ സഹതാരമായ ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപക്കാണ് ടീം സ്വന്തമാക്കിയത്. ഐ.പി.എൽ ലേല ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

കൊൽക്കത്ത ടീം ഉപേക്ഷിച്ച് വീണ്ടും ലേലത്തിൽ പങ്കെടുക്കുകയാണെങ്കിൽ താരത്തെ ഏറ്റവും കുറഞ്ഞത് 10 കോടി രൂപക്കെങ്കിലും വിളിച്ചെടുക്കാൻ മറ്റു ടീമുകൾ മുന്നോട്ടുവരുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൊൽക്കത്ത കുറഞ്ഞ ശമ്പളമാണ് റിങ്കുവിന് നൽകുന്നതെന്ന് പറഞ്ഞ അവതാരകന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ. 55 ലക്ഷം രൂപ തന്നെ അധികമാണെന്നാണ് താരം പറയുന്നത്.

‘50-55 ലക്ഷം പോലും അധികമാണ്. ക്രിക്കറ്റ് കളി തുടങ്ങുമ്പോൾ, ഒരിക്കലും കരുതിയിരുന്നില്ല വലിയ തുക സമ്പാദിക്കുമെന്ന്. കുട്ടിയായിരിക്കുന്ന സമയത്ത്, 10 രൂപയെങ്കിലും കിട്ടുന്നത് വലിയ കാര്യമായിരുന്നു. ഇപ്പോൾ എനിക്ക് 55 ലക്ഷം രൂപ കിട്ടുന്നുണ്ട്, അത് ഏറെ വലുതാണ്, ദൈവം എന്ത് തന്നാലും ഞാൻ സന്തോഷിക്കും. ഇതാണ് എന്‍റെ ചിന്താഗതി. എനിക്ക് കൂടുതൽ പണം കിട്ടിയില്ലല്ലോ എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. 55 ലക്ഷം രൂപയിൽ പോലും ഞാൻ വളരെ സന്തോഷവാനാണ്. ഇതൊന്നും ഇല്ലാതിരുന്നപ്പോഴാണ് പണത്തിന്‍റെ വില എനിക്ക് മനസ്സിലായത്’ -റിങ്കു ഒരു ഹിന്ദി പത്രത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

പണത്തിന് പുറകെ പോകുന്നയാളല്ല താനെന്നും എപ്പോഴും താഴെത്തട്ടിൽ നിൽക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും താരം പ്രതികരിച്ചു. ‘സത്യം പറയുകയാണെങ്കിൽ ഇതെല്ലാം സ്വപ്നംപോലെ തോന്നുന്നു. നിങ്ങൾ ഒന്നും കൊണ്ടുവരുന്നുമില്ല, ഒന്നും കൊണ്ടുപോകുന്നുമില്ല. സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. വന്ന വഴി മറക്കരുതെന്ന് പറയാൻ ആഗ്രഹിക്കുന്നു’ -റിങ്കു കൂട്ടിച്ചേർത്തു.

ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം ഐ.പി.എൽ കിരീടം നേടിയത്. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യന്‍ സ്‌ക്വാഡില്‍ റിസർവ് താരമായി റിങ്കുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Rinku Singh's Fiery Reply On Low KKR Salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.