മുംബൈ: ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം മത്സരത്തിലെ അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. രണ്ടാം ഇന്നിങ്സിൽ 147 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ 92ന് ആറ് എന്ന നിലയിലാണ്. 53 റൺസ് നേടി ഒറ്റക്ക് പൊരുതുന്ന ഋഷഭ് പന്തും ആറ് റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്.
മറ്റ് ബാറ്റർമാരെല്ലാം ഒന്നിനൊന്ന് പരാജയമായപ്പോൾ കറക്കിവീഴ്ത്താനിരുന്ന കിവികളെ പന്ത് കറങ്ങിയടിക്കുകയായിരുന്നു. അഞ്ചമാനായി ക്രീസിലെത്തിയ പന്ത് നേരിട്ട മൂന്നാം പന്തിൽ തന്നെ സിക്സറിടക്കുകയായിരുന്നു. മറുവശത്ത് വിക്കറ്റുകൾ വീണുവെങ്കിലും താരം സ്വന്തം ശൈലിയിൽ ആക്രമിച്ച് തന്നെ കളിച്ചു. നാല് വിക്കറ്റ് ബാക്കിയിരിക്കെ 55 റൺസാണ് ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത്.
മൂന്നാം ദിനം തുടക്കം തന്നെ ന്യൂസിലാൻഡിനെ പുറത്താക്കിയ ഇന്ത്യക്കായി രോഹിത് ശർമയും യഷ്വസ്വി ജയ്‍സ്വാളുമായിരുന്നു ഓപ്പണിങ്ങിലെത്തിയത്. ടീം സ്കോർ 13 റൺസിൽ നിൽക്കെ മാറ്റ് ഹെന്രിക്ക് വിക്കറ്റ് നൽകി രോഹിത് ശർമ മടങ്ങിയിരുന്നു. പിന്നാലെയെത്തിയ ശുഭ്മൻ ഗില്ലെ ഒരു റൺസിൽ അജാസ് പട്ടേൽ ബൗൾഡാക്കി. വിരാട് കോഹ്ലിയെ സ്ലിപ്പിന്‍റെ കയ്യിലെത്തിച്ച അജാസ് ഇന്ത്യയെ പരുങ്ങലിലാക്കി. ഒരു റൺസാണ് വിരാടിന്‍റെ സമ്പാദ്യം. തുടക്കം മുതൽ പതറിയിരുന്ന ജയ്സ്വാളിനെ ഗ്ലെൻ ഫിലിപ്സ് വിക്കറ്റിന് മുന്നിൽ കുരുക്കി.
അനാവശ്യ ഷോട്ട് കളിച്ച് സർഫറാസ് ഖാനും (1) അജാസിന് വിക്കറ്റ് നൽകി മടങ്ങി. ഇതോടെ ഇന്ത്യ 29ന് അഞ്ച് എന്ന നിലയിലായി. പിന്നീടെത്തിയെ രവീന്ദ്ര ജഡേജയെ കാഴ്ചക്കാരാനാക്കിക്കൊണ്ട് പന്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരും 42 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കി എന്നാൽ ഇതിൽ ആറ് റൺസ് മാത്രമാണ് ജഡ്ഡു നേടിയത്. അജാസിന്‍റെ പന്തിൽ ശ്രദ്ധയില്ലാതെ കളിച്ചാണ് ജഡ്ഡുവിന്‍റെ മടക്കം.
അജാസ് പട്ടേലിനെയും ഫിലിപ്സിനെയും കൗണ്ടർ ചെയ്ത് കളിക്കുന്ന പന്ത് ഇന്ത്യയെ വിജയിത്തിലെത്തിക്കുമെന്ന് തന്നെയാണ് ഇന്ത്യൻ ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.