ലണ്ടൻ: ഇന്ത്യയുടെ വിക്കറ്റ്കീപർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന താരം ഐസൊലേഷനിലായതിനാൽ കളിക്ക് മുന്നോടിയായി ഡർഹാമിലേക്ക് പോകുന്ന സഹതാരങ്ങൾക്കൊപ്പം ചേരില്ല. ഒരു ഇന്ത്യൻ ക്രിക്കറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. താരത്തിന്‍റെ പേരു മാത്രം പുറത്തുവിട്ടിരുന്നില്ല. ഇതാണ് ഋഷഭ് പന്താണെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചത്. എട്ടു ദിവസമായി താരം ഐസൊലേഷനിലാണെന്നും എന്നുമുതൽ ടീമിനൊപ്പം ചേരുമെന്ന് പറയാനാകില്ലെന്നും ക്രിക്കറ്റ് ബോർഡ് പറഞ്ഞു.
ന്യൂസിലൻഡിൽ കഴിഞ്ഞ മാസം ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടാഴ്ച വിശ്രമത്തിലായിരുന്നു ടീം. അതിനിടെയാണ് ഋഷഭിന് രോഗം കണ്ടെത്തിയത്. 23 അംഗ ടീമിലെ മറ്റുള്ളവരിൽ ഒരാളുമായും താരത്തിന് സമ്പർക്കമുണ്ടായിട്ടില്ലെന്നും അതിനാൽ മറ്റുള്ളവരെ ബാധിച്ചെന്ന് കരുതേണ്ടതില്ലെന്നും ബി.സി.സി.ശഎ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു.
കോവിഡ് ഡെൽറ്റ വകഭേദമാണ് ഋഷഭിന് വന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.