ചെന്നൈ: കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്‍റെ ക്ഷീണം ഇത്തവണ തീർക്കാമെന്ന മുംബൈ ഇന്ത്യൻസിന്‍റെ മോഹങ്ങൾക്ക് തുടക്കത്തിൽതന്നെ തിരിച്ചടി.
ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ നാലു വിക്കറ്റിനാണ് മുംബൈ വീണത്. സൂപ്പർ താരം രോഹിത് ശർമയും നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട താരം ആദ്യ ഓവറില്‍ തന്നെ റണ്ണൊന്നും എടുക്കാതെ പുറത്തായി. ഖലീൽ അഹമ്മദ് എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച രോഹിത്, ശിവം ദുബെക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മധുര പതിനെട്ട് പൂർത്തിയാക്കിയ ഐ.പി.എല്ലിൽ രോഹിത് ഇത് 18ാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.
ഇതോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ അനാവശ്യ റെക്കോഡ് കൂടി താരത്തിന്‍റെ പേരിലായി. ആസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്കൊപ്പമാണ് രോഹിത്. പിയൂഷ് ചൗള, സുനിൽ നരെയ്ൻ എന്നിവരാണ് പട്ടികയിൽ രണ്ടാമത്, 16 തവണ. കൂടാതെ, ചെന്നൈക്കെതിരെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയിലും രോഹിത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. നാലാം തവണയാണ് രോഹിത് സി.എസ്.കെക്കെതിരെ പൂജ്യത്തിന് പുറത്താകുന്നത്.
റണ്ണെടുക്കാൻ മറന്ന് ഉഴറിയ മുംബൈയെ അഞ്ചു പന്തുകൾ ബാക്കിനിർത്തിയാണ് ചെന്നൈ ജയംപിടിച്ചത്. സ്കോർ മുംബൈ ഇന്ത്യൻസ് 155/9, ചെന്നൈ 158/6.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ തുടക്കം തൊട്ടേ തകർന്നെങ്കിലും അവസാനഘട്ടത്തിൽ പോരാടി ഒമ്പതിന് 155ലെത്തി. 25 പന്തിൽ 31 റൺസെടുത്ത തിലക് വർമയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 26 പന്തിൽ 29 റൺസ് ചേർത്തു. 15 പന്തിൽ 28 റൺസുമായി ദീപക് ചാഹാർ പുറത്താവാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലും ഖലീൽ അഹ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി.
തിരക്കുപിടിച്ച സ്കോറിങ് ആവശ്യമില്ലാത്ത മറുപടി ബാറ്റിങ്ങിൽ ഓപണർ രചിൻ രവീന്ദ്ര അർധ സെഞ്ച്വറി പിന്നിട്ട് അവസാനം വരെയും പിടിച്ചുനിന്നപ്പോൾ വൺഡൗണായി എത്തിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും അർധ സെഞ്ച്വറി (53) നേടി. 20ാം ഓവറിലെ ആദ്യ പന്ത് ഗാലറിയിലെത്തിച്ച് വിജയമുറപ്പിച്ച രവീന്ദ്ര 65 റൺസ് നേടി. രവീന്ദ്ര ജഡേജ 17 റൺസെടുത്തു.
മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂർ മൂന്നു വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയതായിരുന്നു കളിയിലെ ഹൈലൈറ്റ്. മൂന്ന് ഓവർ എറിഞ്ഞ താരം ഓരോ ഓവറിലും ഓരോ വിക്കറ്റ് വീഴ്ത്തി. ഗെയ്ക്‍വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരായിരുന്നു ഇരകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.