മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പേ തന്നെ ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. മുൻ ഓസീസ് താരങ്ങളായ മാത്യു ഹെയ്ഡൻ, മാർക് വോ, മൈക്കൽ ക്ലർക്ക് എന്നിവർ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
ടെസ്റ്റിന്‍റെ ഒന്നാംദിനം 14 വിക്കറ്റും രണ്ടാംദിനം 16 വിക്കറ്റുകളുമാണ് വീണത്. സ്പിന്നർമാരെ അതിരറ്റ് തുണച്ച പിച്ചിൽ മൂന്നാം ദിനം ആദ്യ സെഷനിൽത്തന്നെ മത്സരം അവസാനിക്കുകയും ചെയ്തു. സന്ദർശകർക്ക് ഒമ്പത് വിക്കറ്റിന്‍റെ ജയം. പിച്ചിനെ വ്യാപകമായി വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. മൂന്നാം ടെസ്റ്റിലെ തോൽവിക്കു പിന്നാലെയാണ് രോഹിത്തിന്‍റെ പ്രതികരണം.
മുൻ ക്രിക്കറ്റ് താരങ്ങളാരും ഇത്തരം പിച്ചുകളിൽ കളിച്ചിട്ടില്ല. വെല്ലുവിളികൾ അറിഞ്ഞിട്ടു തന്നെയാണ് ഇത്തരം പിച്ചിൽ കളിക്കാൻ ടീം കൂട്ടായ തീരുമാനമെടുത്തത്. തോൽവിയിൽ ആത്മപരിശോധന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മുൻ താരങ്ങൾ ഇത്തരം പിച്ചുകളിൽ കളിച്ചിട്ടുണ്ടാകില്ല. ഞാൻ മുമ്പേ പറഞ്ഞല്ലോ, ഇത്തരം പിച്ചുകളിൽ കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അതാണ് നമ്മുടെ കരുത്ത്. സ്വന്തം നാട്ടിൽ കളിക്കുമ്പോൾ നമ്മുടെ ടീമിന്റെ കരുത്തിന് അനുസൃതമായാണ് പിച്ച് ഒരുക്കുന്നത്. അക്കാര്യത്തിൽ പുറത്തുള്ളവർ എന്തു പറയുന്നു എന്ന് നോക്കേണ്ടതില്ല. ഇത്തരം പിച്ചുകളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നില്ലെങ്കിലല്ലേ മാറ്റി ചിന്തിക്കേണ്ടതുള്ളൂ’ –രോഹിത് ചോദിച്ചു.
ഓരോ മത്സരശേഷവും പിച്ച് ചർച്ച കേന്ദ്രമാകുന്നതിലും രോഹിത് നിരാശപ്രകടിപ്പിച്ചു. പിച്ചിനെക്കുറിച്ചുള്ള ചർച്ചകൾ അതിരു കടക്കുന്നുണ്ട്. ഞങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോഴെല്ലാം ചർച്ച പിച്ചിനെക്കുറിച്ചായിരിക്കും. എന്തുകൊണ്ടാണ് ആരും നഥാൻ ലിയോണിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബൗളിങ്ങിനെക്കുറിച്ചും ചർച്ച ചെയ്യാത്തത്? അല്ലെങ്കിൽ രണ്ടാം ഇന്നിങ്സിൽ പൂജാരയുടെ ബാറ്റിങ്ങിനെക്കുറിച്ച് ആരും ചോദിക്കാത്തത്? അതുമല്ലെങ്കിൽ ഉസ്മാൻ ഖ്വാജയുടെ ഇന്നിങ്സ് എങ്ങനെയുണ്ടെന്നു ചോദിക്കാത്തത്. ഇത്തരം ചോദ്യങ്ങൾ ചോദിച്ചെങ്കിൽ മാത്രമേ എനിക്കെന്തെങ്കിലും പറയാനാകൂ. അല്ലാതെ പിച്ചിനെക്കുറിച്ച് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നാൽ ഒന്നും പറയാനില്ലെന്നും രോഹിത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.