‘ഈ പണിക്ക് പറ്റിയ ആളല്ല, ഉടൻ രാജിവെക്കു...’; ഗാബയിൽ ഓസീസ് പിടിമുറുക്കുന്നതിനിടെ രോഹിത്തിനെതിരെ ആരാധക രോഷം

ബ്രിസ്‌ബെയ്ൻ: ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ ആദ്യം ദിനം മഴ രസംകൊല്ലിയായെങ്കിലും രണ്ടാംദിനം ആസ്ട്രേലിയ കളംവാഴുന്നതാണ് കണ്ടത്. ട്രാവിഡ് ഹെഡ്ഡിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ച്വറിയുടെ ബലത്തിൽ ആതിഥേയർ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു.

നിലവിൽ 98 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 385 റൺസെടുത്തിട്ടുണ്ട്. അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിലും ട്രാവിസ് ഹെഡ്ഡ് സെഞ്ച്വറി നേടിയിരുന്നു. 160 പന്തിൽ 18 ഫോറടക്കം 152 റൺസെടുത്താണ് ട്രാവിസ് പുറത്തായത്. സ്മിത്ത് 190 പന്തിൽ 101 റൺസെടുത്ത് മടങ്ങി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 241 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ജസ്പ്രീത് ബുംറയാണ് ഇരുവരെയും പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. ഇതടക്കം അഞ്ചു വിക്കറ്റുകളാണ് ബുംറ നേടിയത്.

നേരത്തെ മഴ കളിച്ച ആദ്യ ദിനത്തിൽ 13.2 ഓവർ മാത്രമാണ് കളിനടന്നത്. രണ്ടും മൂന്നും സെഷനുകളിൽ ഒറ്റപ്പന്തും എറിയാനുമായില്ല. ആദ്യദിനത്തിൽ മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. ഇതോടെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തെരഞ്ഞെടുത്തു. പേസിനെ തുണക്കുമെന്ന് കരുതപ്പെടുന്ന പിച്ചിൽ മൂടിക്കെട്ടിയ അന്തരീക്ഷം മുതലാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ നായകൻ. എന്നാൽ, ഇന്ത്യൻ പേസർമാരെ ഓസീസ് ഓപ്പണർമാർ മഴയെത്തുംവരെ ചെറുത്തുനിന്നു.

ടോസ് നേടിയിട്ടും ഫീൽഡിങ് തെരഞ്ഞെടുക്കാനുള്ള രോഹിത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തി. രോഹിത്തിന്‍റെ തീരുമാനം തെറ്റിയെന്നും ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കണമായിരുന്നെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രോഹിത്തിന്‍റെ രാജി ആവശ്യപ്പെട്ടും സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ സന്ദേശങ്ങൾ നിറയുകയാണ്. രണ്ടാം ടെസ്റ്റിൽ ബാറ്റിങ്ങിലും താരം നിരാശപ്പെടുത്തിയിരുന്നു.

ഈ ജോലിക്ക് പറ്റിയ ആളല്ല രോഹിത്തെന്നും ഇക്കാര്യം അംഗീകരിച്ച് ഉടൻ രാജിവെക്കണമെന്നും ഒരു ആരാധകൻ എക്സിൽ കുറിച്ചു. ‘ഇപ്പോഴും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലെ അജ്ഞതയെ പ്രതിരോധിക്കുകയാണെങ്കിൽ നിങ്ങൾ സ്വയം വിഡ്ഢിയാകുകയാണ്. ഈ ജോലിക്ക് പറ്റിയ ആളല്ല, ഇക്കാര്യം അംഗീകരിച്ച് ഈ മത്സരത്തിന്‍റെ ഫലം നോക്കാതെ തന്നെ ഈ ടെസ്റ്റിന് ശേഷം ഉടൻ അദ്ദേഹം രാജിവെക്കണം’ -ആരാധകൻ പറയുന്നു.

‘രോഹിത് ശർമ തുടർച്ചയായ അഞ്ചാം ടെസ്റ്റ് തോൽവി തുറിച്ചുനോക്കുകയാണ്. അദ്ദേഹത്തെ ഇനിയും ക്യാപ്റ്റൻസി സ്ഥാനത്തു നിലനിർത്തണോ എന്ന കാര്യം ഗൗവമായി ചർച്ച ചെയ്യണം. ഇന്ത്യൻ ക്രിക്കറ്റിന്‍റെ നല്ലതിനുവേണ്ടി ഗംഭീറിനെയും പുറത്താക്കണം’ -മറ്റൊരു ആരാധകൻ എക്സിൽ കുറിച്ചു. രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ കളിച്ച അവസാന നാലു ടെസ്റ്റുകളും ഇന്ത്യ പരാജയപ്പെട്ടിരുന്നു. നാട്ടിൽ ന്യൂസിലൻഡിനു മുന്നിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര സമ്പൂർണമായി അടിയറവെക്കുകയായിരുന്നു.

ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഇന്ത്യ ജയിച്ച പെർത്തിലെ ആദ്യ ടെസ്റ്റിൽ ടീമിനെ നയിച്ചിരുന്നത് ബുംറയായിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത്ത് നാട്ടിലായിരുന്നു. ഈ ടെസ്റ്റും കൈവിട്ടാൽ രോഹിത്തിന്‍റെ രാജിക്കായി മുറവിളി ശക്തമാകുമെന്ന കാര്യം ഉറപ്പാണ്.

Tags:    
News Summary - Rohit Sharma under fire as Australia dominate India at The Gabba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.