ന്യൂഡൽഹി: ഒക്ടോബറിൽ തുടങ്ങുന്ന ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി അവസാന പരിമിത ഓവർ പരമ്പരയും ഇന്ത്യ പൂർത്തിയാക്കി. ഒരുപാട് തിരുത്തലുകൾ ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിൽ ഇന്ത്യ അടിയറവ് പറഞ്ഞത്. ഇന്ത്യയുടെ യുവ ബാറ്റ്സ്മാൻമാർക്ക് സ്പിന്നിന് മുന്നിൽ മുട്ടിടിക്കുന്നതാണ് അതിലെ പ്രധാനപ്പെട്ടത്.
മുൻനിര താരങ്ങൾ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കളിക്കാനായി ബ്രിട്ടനിലായതിനാൽ യുവതാരങ്ങളെ അണിനിരത്തിയായിരുന്നു ഇന്ത്യ ലങ്കയിലെത്തിയത്. എന്നാൽ മികച്ച അവസരം മുതലെടുക്കാൻ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർക്കായില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനവും കൂടി മുൻനിർത്തിയാകും സെലക്ടർമാർ ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുക.
ഇപ്പോൾ ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും സെലക്ടറുമായിരുന്ന സാബ കരീം. പക്ഷേ സാബയുടെ ടീമിൽ വെറ്ററൻ താരം ശിഖർ ധവാനും യൂസ്വേന്ദ്ര ചഹലിനും ഇടം പിടിക്കാനായില്ല. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരക്കായി പോയവരെയും ശ്രീലങ്കൻ പര്യടനത്തിനുമുള്ള ടീമിലെ കളിക്കാരെ അദ്ദേഹം ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.
മത്സരം യു.എ.ഇയിലായതിനാൽ ഓഫ് സ്പിന്നറെ കളിപ്പിക്കേണ്ടതിനാലും സ്ഥിരതയും പരിഗണിക്കുന്നതിനാൽ വാഷിങ്ടൺ സുന്ദറിന് സ്ക്വാഡിൽ ഇടം നേടാനായി. അക്രമണോത്സുകതക്കൊപ്പം വിക്കറ്റ് വീഴ്ത്താൻ മിടുക്കനുമായതിനാൽ ചഹലിനെ പിന്തള്ളി രാഹുൽ ചഹർ സുന്ദറിന്‍റെ പങ്കാളിയായി ടീമിലിടം പിടിച്ചു.
പരിക്ക് മാറി താളം കണ്ടെത്തിയ ഭുവനേശ്വർ കുമാർ, ലങ്കയിലും ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയിലും തിളങ്ങിയ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരും ടീമിൽ ഇടംനേടി. അതേ സമയം മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല.
രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ടി. നടരാജൻ, ജസ്പ്രീത് ബൂംറ, രവീന്ദ്ര ജദേജ, രാഹുൽ ചഹർ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.