തിരുവനന്തപുരം: തകർന്നടിഞ്ഞ ടീമിനെ സെഞ്ച്വറിയുമായി പുറത്താകാതെ മുൻ ക്യാപ്റ്റൻ സചിൻ ബേബി നയിച്ചപ്പോൾ സർവിസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം മാന്യമായ സ്കോറിൽ. ഗോവയോട് തോറ്റതിന് സമാനമായി ബാറ്റിങ് തകരവെ നാലാമനായി ഇറങ്ങിയ സചിൻ പുറത്താകാതെ 133 റൺസുമായി ആറിന് 254 എന്ന മാന്യമായ സ്കോറിൽ ടീമിനെ എത്തിച്ചു. സർവിസസിനെതിരെ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ കേരളം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
തുമ്പ സെന്‍റ് സേവ്യേഴ്സ് കെ.സി.എ ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരുടെ തുടക്കം തകർച്ചയോടെ. ക്യാപ്റ്റൻ സിജോമോൻ ജോസഫിന്‍റെ തീരുമാനം തെറ്റായെന്ന് തോന്നിപ്പിച്ച് കേരള ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറി. അസുഖബാധിതനായ ഓപണർ രോഹൻ കുന്നുമ്മലിന്‍റെ അസാന്നിധ്യത്തിൽ ഓൾറൗണ്ടർ ജലജ് സക്സേനയാണ് പി. രാഹുലിനൊപ്പം ഇന്നിങ്സ് തുറന്നത്.
മൂന്നാമത്തെ ഓവറിൽ സ്കോർ ഒമ്പതിലെത്തിയപ്പോൾ ജലജിനെ നഷ്ടമായി. എട്ട് റൺസ് നേടിയ ജലജിനെ ദിവേഷ് ഗുർദേവ് പത്താനിയ എൽ.ബി.ഡബ്ല്യുവിൽ കുടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ റണ്ണൊന്നും നേടാത്ത രാഹുലിനെ പി.എസ്. പൂനിയ വിക്കറ്റിന് മുന്നിൽ കുടുക്കി -സ്കോർ 9/2. സ്കോർ ബോർഡിൽ ഒരുറൺ കൂടി ചേർക്കുന്നതിനിടെ രോഹൻ പ്രേമിനെയും നഷ്ടമായി.
ഒരു റണ്ണെടുത്ത രോഹനെ പി.എസ്. പൂനിയ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി. മറുവശത്ത് സചിൻ ബേബി കരുതലോടെ നിലകൊണ്ടു. സ്കോർ 19 ലെത്തിയപ്പോൾ ഒരു റണ്ണെടുത്ത വത്സലിനെ എൽ.എസ്. കുമാറിന്‍റെ കൈകളിലെത്തിച്ച് ദിവേഷ് ഗുർദേവ് പത്താനിയ വീണ്ടും ഞെട്ടിച്ചു. പിന്നാലെയെത്തിയ സൽമാൻ നിസാറിനെ കൂട്ടുപിടിച്ച് സചിൻ കേരളത്തിന്‍റെ സ്കോർ പതുക്കെ ചലിപ്പിച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 96 റൺസ് പടുത്തുയർത്തി.
97 പന്തിൽ നാല് ഫോറും ഒരു സിക്സും ഉൾപ്പെടെ 42 റൺസെടുത്ത സൽമാൻ സ്കോർ 115 ലെത്തിയപ്പോൾ പുറത്തായി. പിന്നാലെയെത്തിയ അക്ഷയ് ചന്ദ്രൻ 32 റൺസുമായി സച്ചിന് മികച്ച പിന്തുണ നൽകി. സ്കോർ 180 ലെത്തിയപ്പോൾ അക്ഷയ് ചന്ദ്രനിലൂടെ ആറാം വിക്കറ്റും നഷ്ടമായി. 235 പന്ത് നേരിട്ട് 11 ഫോറും ഒരു സിക്സുമുൾപ്പെടെയാണ് സചിൻ ബേബി 133 റൺസ് നേടിയത്.
29 റൺസുമായി ക്യാപ്റ്റൻ സിജോമോൻ ജോസഫും ക്രീസിലുണ്ട്. സർവിസസിനുവേണ്ടി പി.എസ്. പൂനിയ, ദിവേഷ് ഗുർദേവ് പത്താനിയ എന്നിവർ രണ്ടുവീതവും അർപിത് എൻ. ഗുലേരിയ, രജത് പലിവാൾ എന്നിവർ ഒന്നുവീതവും വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.