മുംബൈ: ട്വന്‍റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മേയ് ഒന്നിന് മുമ്പായി ടീമുകളെ പ്രഖ്യാപിക്കണം. ജൂണിൽ യു.എസും വെസ്റ്റിൻഡീസുമാണ് ലോകകപ്പിന് വേദിയാകുന്നത്
ടീമിൽ ആരൊക്കെ സീറ്റുറപ്പിക്കുമെന്ന കാര്യത്തിൽ പലവിധ അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഐ.പി.എല്ലിലെ താരങ്ങളുടെ പ്രകടനം കൂടി കണക്കിലെടുത്താകും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി 15 അംഗ ടീമിനെ പ്രഖ്യാപിക്കുക. വിക്കറ്റ് കീപ്പർ ബാറ്ററുടെ സീറ്റിലേക്കാണ് കടുത്ത മത്സരം നടക്കുന്നത്. ഋഷബ് പന്ത്, സഞ്ജു സാംസൺ, കെ.എൽ. രാഹുൽ എന്നിവരാണ് അവസാന പരിഗണനയിലുള്ളത്.
ഇതിനിടെ മുൻ താരങ്ങളും ക്രിക്കറ്റ് പണ്ഡിറ്റുകളും ഉൾപ്പെടെ തങ്ങളുടെ ട്വന്‍റി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തിരുന്നു. മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ ലോകപ്പ് ഇലവനാണ് ഇതിൽ ഏറ്റവും പുതിയത്. താരം തെരഞ്ഞെടുത്ത 15 അംഗം ടീം ഏറെ സർപ്രൈസുകൾ നിറഞ്ഞതാണ്. സൂപ്പർ താരം വിരാട് കോഹ്ലി, മുംബൈ നായകൻ ഹർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ തുടങ്ങി പ്രമുഖരൊന്നും മഞ്ജരേക്കറുടെ ടീമിൽ ഇല്ല. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്.
രോഹിത് ശർമയും യശസ്വി ജയ്സ്വാളുമാണ് ഓപ്പണർമാർ. സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് എന്നിവരും ടോപ് ഫോറിലുണ്ട്. വിക്കറ്റ് കീപ്പർമാരായി മൂന്നു താരങ്ങളുണ്ട് ടീമിൽ. സഞ്ജുവിന് പുറമെ, ഋഷഭ് പന്തും കെ.എൽ. രാഹുലും. ഓൾ റൗണ്ടർമാരായി രവീന്ദ്ര ജദേജയും ക്രുണാൽ പാണ്ഡ്യയും ടീമിലെത്തി. ഹാർദിക്കിനെയും ശിവം ദുബെയെയും ഒഴിവാക്കി. കുൽദീപ് യാദവ്, യുസ് വേന്ദ്ര ചഹൽ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. പേസർമാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആവേശ് ഖാനും ടീമിലെത്തി. ഹർഷിത് റാണ, മായങ്ക യാദവ്, ക്രുണാൽ പാണ്ഡ്യ എന്നിവരാണ് ടീമിലെ സർപ്രൈസ് താരങ്ങൾ.
രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ഋഷബ് പന്ത്, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ, യുസ് വേന്ദ്ര ചാഹൽ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, ഹർഷിത് റാണ, മായങ്ക് യാദവ്, ക്രുണാൽ പാണ്ഡ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.