സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങിന് അനുമതി; രാജസ്ഥാൻ നായകനായി തിരിച്ചെത്തും

സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങിന് അനുമതി; രാജസ്ഥാൻ നായകനായി തിരിച്ചെത്തും

മുംബൈ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പറായി സൂപ്പർതാരം സഞ്ജു സാംസൺ തിരിച്ചെത്തുന്നു. ബി.സി.സി.ഐയുടെ സെന്‍റർ ഓഫ് എക്സലൻസ് താരത്തിന് ഫിറ്റ്നസ് ക്ലിയറൻസ് നൽകി. ഐ.പി.എലിന്റെ ആദ്യ ഘട്ടത്തിൽ ബാറ്റിങ്ങിന് അനുമതി ലഭിച്ചിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ജോലിയിൽനിന്ന് താരത്തെ വിലക്കിയിരുന്നു.

ആദ്യ മൂന്നു മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് സഞ്ജു കളത്തിലിറങ്ങിയത്. റിയാൻ പരാഗാണ് ടീമിനെ നയിച്ചിരുന്നത്. വിക്കറ്റ് കീപ്പിങ്ങിന് അനുമതി ലഭിച്ചതോടെ ടീമിന്‍റെ നായക സ്ഥാനത്തേക്കും മലയാളി താരം മടങ്ങിയെത്തും. ഈമാസം അഞ്ചിന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 മത്സരത്തിനിടെയാണ് സഞ്ജുവിന്‍റെ വലതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനു പിന്നാലെയാണ് താരം കീപ്പിങ്ങിന് അനുമതി തേടി ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലേക്ക് പോയത്.

യുവതാരം ധ്രുവ് ജുറേലാണ് രാജസ്ഥാനായി വിക്കറ്റ് കീപ്പറായത്. രാജസ്ഥാനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു, ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. മൂന്നു മത്സരങ്ങളിൽനിന്ന് ഒരു ജയവുമായി പോയന്‍റ് പട്ടികയിൽ രാജസ്ഥാൻ ഒമ്പതാം സ്ഥാനത്താണ്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സഞ്ജു ആദ്യ മൂന്നു മത്സരങ്ങളിൽ 66, 13, 20 റൺസ് എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.

Tags:    
News Summary - Sanju Samson cleared by CoE to keep wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.