ദുബൈ: ക്രീസിലെത്തുേമ്പാൾ സഞ്ജു സാംസണ് പലതും തെളിയിക്കേണ്ടതുണ്ടായിരുന്നു. സ്വന്തം ഫോമിനെക്കുറിച്ചുള്ള കലഹങ്ങൾ, ടീമിന് വിജയം നിർണായകമായ മത്സരം, ഇന്നിങ്സ് പടുത്തുയർത്തേണ്ടതിെൻറ സമ്മർദ്ദം എന്നിവയെല്ലാം ആ തോളുകളുടെ കനമുയർത്തി.
''സഞ്ജുവിെൻറ പ്രതിഭയെക്കുറിച്ച് ഞങ്ങൾക്ക് തർക്കമൊന്നുമില്ല. പക്ഷേ സ്ഥിരതയിൽ തങ്ങൾക്ക് സംശയമുണ്ട്'' എന്ന വാചകത്തോടെയായിരുന്നു കമൻററി ബോക്സ് വരവേറ്റത്. ആദ്യ രണ്ടുമത്സരങ്ങളിൽ ആനന്ദ നൃത്തമാടിയശേഷം ക്രീസിൽ വന്നുപോകുന്ന ജോലിയായിരുന്നു അയാളുടേത്. ബാറ്റിൽ തട്ടി പന്ത് ഗ്യാലറിയിൽ പറന്നിറങ്ങുേമ്പാഴുള്ള ലഹരി സഞ്ജുവിെൻറ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. ടീം ആവശ്യപ്പെടുേമ്പാഴെല്ലാം അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞുകൊണ്ട് വിമർശന മുനകളെ സഞ്ജു സ്വയം മൂർച്ചകൂട്ടി. നന്നായി തുടങ്ങിയ ഏതാനും ഇന്നിങ്സുകൾക്ക് പൂർണത നൽകാനുമായില്ല.
വികാരത്തെ വിവേകത്തോട് കോർത്തിണക്കിയ മനോഹരചുവടുകളായിരുന്നു ഇന്നലത്തേത്. അസാധ്യഫോമിൽ ബാറ്റുചെയ്തിരുന്ന ബെൻസ്റ്റോക്സിന് സ്ട്രൈക്ക് കൈമാറി സെൻസിബിളായാണ് സഞ്ജു തുടങ്ങിയത്. എട്ടാം ഓവറിൽ കീറൻ പൊള്ളാർഡിനെ ലോംഗ് ഓഫിലേക്ക് പറത്തിയ സിക്സറോടെ ക്രീസിൽ ഇരിപ്പുറപ്പിച്ചു.
ഇടക്ക് ജയിംസ് പാറ്റിൻസണെ സികസ്റടിച്ചതൊഴിച്ചാൽ ശാന്തമായി തുഴഞ്ഞുനീങ്ങുകയായിരുന്നു ആ ഇന്നിങ്സ് . 14ാം ഓവറിൽ രാഹുൽ ചഹാറിനെ തുടർച്ചയായി ബൗണ്ടറിയും സിക്സും കുറിച്ച് തെൻറ ക്ലാസ് ഒരിക്കൽകൂടി ലോകത്തിന് കാണിച്ചു. ആവേശപ്പൂരത്തിെൻറ പെരുമ്പറ മുഴക്കമല്ലായിരുന്നു, ഹാർമോണിയം പോലെ ഉയർന്നും താഴ്ന്നും ഒഴുകിയ മധുരഗീതമായിരുന്നു അത്.
ജസ്പ്രീത് ബുംറയെന്ന ലക്ഷണമൊത്ത ട്വൻറി 20 ബൗളറെ തുടർച്ചയായി രണ്ട് ബൗണ്ടറിയടിച്ചശേഷം സഞ്ജു ഓടിയെത്തിയത് അർധ സെഞ്ച്വറിയിലേക്ക് മാത്രമായിരുന്നില്ല. തെൻറ പ്രതിഭയുടെ വീണ്ടെടുപ്പിലേക്ക് കൂടിയായിരുന്നു. ഫോമിൽ നിൽക്കുേമ്പാൾ സഞ്ജുവിെൻറ ഷോട്ടുകൾ കാണുന്ന ഒരാൾ, അയാളിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളെ കണ്ടാൽ തെറ്റുപറയാനാവില്ല. അത്രമേൽ നൈസർഗികമായാണ് അയാൾ പന്തിനെ പ്രഹരിക്കുന്നത്. കൊമ്പനാനകളും ചീറ്റപ്പുലികളുമെല്ലാം അരങ്ങുവാഴുന്ന സീസണിൽ ഏറ്റവും കൂടുതൽ സിക്സർ പറന്നത് ഇയാളുടെ ബാറ്റിൽ നിന്നായിരുന്നുവെന്നത് പ്രതിഭക്ക് സാക്ഷ്യമാകുന്നു.
''സഞ്ജു അർധസെഞ്ച്വറി കുറിക്കുേമ്പാൾ കമൻററി ബോക്സിലെ എല്ലാവരും എഴുന്നേറ്റ് കയ്യടിക്കുകയായിരുന്നു. അയാളുടെ ബാറ്റിങ് കാണുന്നത് എന്തൊരു ആനന്ദമാണ്'' മത്സരത്തിന് ശേഷം ക്രിക്കറ്റിെൻറ മർമ്മമറിയുന്ന കമേൻററ്റർ ഹർഷ ഭോഗ്ലെയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. സ്നേഹക്കൂടുതലിൽ നിന്നുയിർത്ത നിരാശയിൽ നിന്നും ഉയർത്തിയ വിമർശനങ്ങൾക്ക് സുല്ലിട്ട് കമൻററി ബോക്സും സഞ്ജുവിന് എഴുന്നേറ്റ് കയ്യടിച്ചു. സിക്സറടിക്കുകയല്ല, സെൻസിബിളാകുകയാണ് തെൻറ ജോലിയെന്ന തിരിച്ചറിവിലേക്ക് അയാളെത്തുേമ്പാൾ വലിയ പ്രതീക്ഷകൾക്ക് വീണ്ടു ചിറക് മുളക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.