ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിന് മുന്നോടിയായുള്ള മേഗാ ലേലത്തിൽ രാജസ്ഥാന്‍റെ പ്രഥമ പരിഗണന നായകൻ സഞ്ജു സാംസണ് തന്നെയാകുമെന്ന് റിപ്പോർട്ട്. 18 കോടി നൽകി സഞ്ജുവിനെ നിലനിർത്താനാണ് മാനേജ്മെന്‍റ് നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നാല് സീസണായി രാജസ്ഥാന്‍റെ ക്യാപ്റ്റനായ സഞ്ജു 2022-2024 എന്നീ സീസണുകളിൽ ടീമിനെ പ്ലേ ഓഫിൽ എത്തിച്ചിട്ടുണ്ട്. മികച്ച ഫോമിൽ കളിക്കുന്നതിനാൽ തന്നെ അവരുടെ ക്യാപ്റ്റനെ വിട്ടുനൽകാൻ രാജസ്ഥാൻ രണ്ടാമതൊന്ന് ആലോചിക്കും. ഇന്ത്യൻ യുവതാരവും രാജസ്ഥാൻ റോയൽസിന്‍റെ ഇടംകയ്യൻ ഓപ്പണിങ് ബാറ്ററുമായ യശ്വസ്വി ജയ്സ്വാളിനും റോയൽസ് 18 കോടി നൽകും. ടീമിന്റെ ഭാവി താരവും ക്യാപ്റ്റനുമായി താരത്തെ വളർത്തി കൊണ്ടുവരാനാണ് രാജസ്ഥാന്റെ പദ്ധതി.
വിദേശ താരങ്ങളിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർക്കാണ് രാജസ്ഥാൻ മുൻഗണന നൽകുന്നത്. 14 കോടി രൂപയാണ് ടീം ഇതിന് വേണ്ടി മാറ്റിവെക്കുക. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലടക്കം അടുത്ത കാലത്തായി മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ഇന്ത്യൻ ഓൾ റൗണ്ടർ റിയാൻ പരാഗിനെ 11 കോടി നൽകി നിലനിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ദേശിയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂസിലാൻഡ് ലെഫ്റ്റ് ഹാൻഡ് പേസ് ബൗളർ ട്രെന്‍റ് ബോൾട്ട്, വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ, ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ എന്നിവരെ ആർ.ടി. എം ഉപയോഗിച്ച് ടീമിൽ നിലനിർത്താനും രാജസ്ഥാൻ ശ്രമക്കും. അൺക്യാപ്ഡ് താരമായി സന്ദീപ് ശർമയെയും രാജസ്ഥാൻ സ്വന്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.