ദുബൈ: മരുഭൂ മണ്ണിൽ വീണ്ടും സഞ്ജുവിന്റെ ദിനം. ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളും പുറത്തെടുത്ത് നിറഞ്ഞാടിയ സഞ്ജു സാംസന്‍റെ കരുത്തിൽ ഹൈദരാബാദിനെതിരെ രാജസ്ഥാൻ ഭേദപ്പെട്ട സ്കോർ കുറിച്ചു (164-5). 57പന്തിൽ ഏഴുബൗണ്ടറികളും മൂന്നുസിക്സറുകളുമടക്കം ചേർത്ത 82 റൺസോടെ സഞ്ജു ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ മുമ്പനുള്ള ഓറഞ്ച് തൊപ്പിയും ഐ.പി.എല്ലിൽ 3000 റൺസെന്ന ഖ്യാതിയും സ്വന്തമാക്കി. പത്തുമത്സരങ്ങളിൽ നിന്നും 430 റൺസെടുത്ത ശിഖർ ധവാന്‍റെ കയ്യിലുണ്ടായിരുന്ന ഒാറഞ്ച് തൊപ്പിയാണ് സഞ്ജു തിരിച്ചുപിടിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ എവിൻ ലൂയിസിനെ (6) നഷ്ടപ്പെട്ടാണ് തുടങ്ങിയത്. തുടർന്ന് യശസ്വി ജെയ്സ്വാളിന് കൂട്ടായെത്തിയ സഞ്ജു പതുക്കെയാണ് ഇന്നിങ്സ് തുടങ്ങിയത്. ഒരറ്റത്ത് അടിച്ചുതകർത്ത ജയ്സ്വാളിന് (23 പന്തിൽ 36) സഞ്ജു ഒത്ത കൂട്ടായി. ജയ്സ്വാളും തൊട്ടുപിന്നാലെ ലിവിങ്സ്റ്റോണും (4) മടങ്ങിയതോടെ ബാറ്റിങ്ങിലെ സർവ ഉത്തരവാദിത്തവും സഞ്ജും സ്വയം ഏറ്റെടുത്തു. 41 പന്തിൽ അർധ സെഞ്ച്വറി കുറിച്ച സഞ്ജു ശേഷം അതിവേഗത്തിൽ ഗിയർ മാറ്റുകയായിരുന്നു.
ഒരു വേള സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളർമാർക്ക് മുന്നിൽ പതറുകയായിരുന്നു. ഇരുപതാം ഓവറിൽ സിദ്ധാർഥ് കൗളിന്‍റെ പന്തിൽ ബൗണ്ടറിക്കരികെ പിടികൊടുത്താണ് സഞ്ജു മടങ്ങിയത്. അവസാന ഓവറുകളിൽ കൂറ്റനടികൾ പിറക്കാത്തതിനാൽ രാജസ്ഥാൻ സ്കോർ 164 ൽ ഒതുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.