'സഞ്ജുവിനെ ഇന്ത്യൻ ടീം കളിപ്പിച്ചില്ലെങ്കിൽ ഇന്ത്യൻ ടീമിനാണ് അതിന്‍റെ നഷ്ടം' - ഗൗതം ഗംഭീർ ഇത് പറയുമ്പോൾ അയാൾ ഇന്ത്യയുടെ കോച്ച് ആയിരുന്നില്ല. സഞ്ജുവാകട്ടെ, ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ കൈമെയ് മറച്ച് ശ്രമിക്കുന്ന സമയവും. കാലം മുന്നോട്ട് നീങ്ങിയപ്പോൾ അതേ ഗംഭീർ ഇന്ന് ഇന്ത്യയുടെ പ്രധാന കോച്ചാണ്. ടീമിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നതിൽ കോച്ചിന് നിർണായക പങ്കുണ്ട്. സഞ്ജുവിനെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ടെന്ന് ഗംഭീർ ഇപ്പോഴും കരുതുന്നുണ്ടാവും. അയാളിലെ പ്രതിഭയെ ഗംഭീർ അടുത്തുനിന്ന് കാണുന്നുമുണ്ട്. ഇനി വേണ്ടത് അവസരത്തിനൊത്തുയരാനുള്ള മിടുക്കാണ്. അത് ഉദ്ഭവിക്കേണ്ടതാകട്ടെ, സഞ്ജു സാംസണിന്‍റെ ബാറ്റിൽ നിന്നും.
'ബാസ്ബാൾ' ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമും അവരുടെ പരീശീലകൻ ബ്രണ്ടൺ മക്കല്ലവും ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തിയ ബാറ്റിങ് ഫോർമുലയാണ്. ടെസ്റ്റ് ക്രിക്കറ്റിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റും ‘ബാസ്’ എന്ന വിളിപ്പേരുകാരനായ മക്കല്ലവും ഈ രീതി പ്രാവർത്തികമാക്കിയത്. ആക്രമണോത്സുകമായ ക്രിക്കറ്റ് കളിച്ചുകൊണ്ട് എതിരാളികളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും മത്സരഫലം അനുകൂലമാക്കുകയും ചെയ്യുകയെന്നതാണ് ബാസ്ബാളിന്‍റെ അടിസ്ഥാന പാഠം. ക്രിക്കറ്റിലെ വിപ്ലവമായി ഇതിനെ കണക്കാക്കുന്നവരുണ്ട്. ബാറ്റർമാരുടെ ആക്രമണോത്സുകമായ മനോഗതി, മത്സരത്തിലെ സാഹചര്യം മനസ്സിലാക്കി മുന്നോട്ട് നീക്കുക, കൗണ്ടർ അറ്റാക്ക് ചെയ്ത് മത്സരത്തിൽ ടീമിന് മേൽകൈ നൽകുക എന്നീ പരമ്പരാഗത ബാറ്റിങ് ഫോർമുലകളെല്ലാം ബാസ്ബാളിന്‍റെ ഭാഗമാകുന്നുണ്ട്. ബാസ്ബാളിന് പിന്നാലെ ക്രിക്കറ്റിൽ ബാറ്റർമാർക്കുണ്ടായ മാറ്റവും കളിയിലെ റിസൽട്ടിലുണ്ടായ മാറ്റങ്ങളുമെല്ലാം വ്യക്തമായി കാണാം. മത്സരത്തിന്‍റെ താളത്തെ ബാധിക്കുന്ന രീതിയിൽ ബാറ്റ് ചെയ്യുന്ന ബാറ്റർമാർക്ക് അവസരങ്ങൾ കുറവാകുന്നതും അതുകൊണ്ടാണ്.
എന്നാൽ, സഞ്ജുവിന് ഇതെല്ലാമുണ്ട്. ഒരുപാട് തവണ സഞ്ജു ഇത് തെളിയിച്ചതുമാണ്. ആദ്യ പന്ത് മുതൽ അറ്റാക്ക് ചെയ്ത കളിക്കാനും നങ്കൂരമിട്ട് കളിക്കാനുമെല്ലാം അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഇതെല്ലാം ഐ.പി.എല്ലിൽ കണ്ടതാണ്. തന്‍റെ തുടക്കകാലത്ത് ശ്രീലങ്കൻ ബൗളർ ലസിത് മലിംഗയെ യാതൊരു ഭയവും കൂടാതെ നേരിട്ട, സിക്സറിന് പായിച്ച സഞ്ജുവിനെ കണ്ടാൽ അനുമാനിക്കാം അയാളുടെ കളിയോടുള്ള മനോഭാവം. എന്നിട്ടും ഇന്ത്യൻ ടീമിൽ സഞ്ജുവിന് കാര്യമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അപ്പോഴും, സഞ്ജുവിന് മതിയായ പിന്തുണ ലഭിച്ചിട്ടില്ല എന്നാവും ഭൂരിപക്ഷം കളിക്കമ്പക്കാരുടെയും വിലയിരുത്തൽ.
ചെറിയ ടീമുകൾക്കെതിരെ അദ്ദേഹത്തിന് അവസരം ലഭിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. കിട്ടിയ അവസരങ്ങളിൽ സ്കോർ ചെയ്തില്ലെങ്കിൽ ടീമിലെ സ്ഥാനം തെറിക്കുമെന്ന ആശങ്കയുമായി എപ്പോഴും ക്രീസിലെത്തുന്ന ഒരു താരത്തിന് വല്ലപ്പോഴും വീണുകിട്ടുന്ന അവസരം മുതലാക്കാൻ സാധിക്കണമെന്നില്ല. പ്രതിഭക്കപ്പുറം സമ്മർദം പിടിമുറുക്കുന്ന വേളയാണത്. കളിക്കാൻ ഇറങ്ങുന്ന സ്ഥാനവും ബാറ്ററെ സംബന്ധിച്ച് പ്രധാനമാണ്. എന്നാൽ ടീമിൽ അവസരം ലഭിച്ചാലും സഞ്ജുവിന് സ്ഥിരമായി ഒരു പൊസിഷൻ ഉണ്ടാകാറില്ല. ഇതിനപ്പുറം ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാതെയും കൂടി വന്നപ്പോൾ ഇനി ഒരു ചാൻസ് നോക്കേണ്ട എന്ന് പലരും വിധിയെഴുതി.
ഇന്ത്യൻ ടീമിൽ അയാൾക്കിപ്പോൾ മറ്റൊരു ഊഴം കൂടി ലഭിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ നിലവിൽ നടക്കുന്ന ട്വന്‍റി-20 പരമ്പരയിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഓപ്പണറുടെ റോളാണ് സഞ്ജുന് ഇത്തവണ. ആദ്യ മത്സരത്തിൽ സഞ്ജു 19 പന്തിൽ 29 റൺസ് നേടിയിരുന്നു. ഇതിൽ ആറ് ഫോറുമുണ്ടായിരുന്നു. ആദ്യമായി കിട്ടിയ ഓപ്പണിങ് അവസരമാണ് അദ്ദേഹത്തിന്. കുറഞ്ഞ സ്കോർ മതിയായിരുന്നു ഇന്ത്യക്ക്. കാര്യമായ സമ്മർദമൊന്നുമില്ല. പതിയെ ക്രീസിൽ നിലയുറപ്പിച്ച് മികച്ച സ്കോറിലേക്ക് ബാറ്റു വീശാമായിരുന്നു. അത്തരത്തിൽ ഒരു മൈൽസ്റ്റോൺ പ്രേമിയല്ല ഒരിക്കലും സഞ്ജു. മൂന്ന് കളി തുടർച്ചയായി ആദ്യ പന്തിൽ പുറത്തായാലും നാലാം മത്സരത്തിലും സഞ്ജു സിക്സറിന് ശ്രമിച്ചേക്കാം.. അതാണ് അയാളുടെ രീതി.
ഇന്നാണ് ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരം. കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ ഇന്ത്യൻ ടീമിൽ സഞ്ജുവിന്‍റെ ഏറ്റവും മികച്ച അവസരം. ആദ്യ മത്സരത്തിലെ മികച്ച ടച്ചിലുണ്ടായിരുന്ന ആത്മവിശ്വാസവും അതിനൊപ്പം സ്ഥിരത കൂടി വന്നാൽ ഈ ഇന്നിങ്സിൽ അദ്ദേഹത്തിന് കത്തിക്കയറാം. ഇത്രയും നാൾ തനിക്കെതിരെ വന്ന വാക്കുകളെയും അവഗണനകളെയും കാറ്റിൽ പറത്താൻ കിട്ടുന്ന മറ്റൊരു അവസരം. ട്വന്‍റി-20 ക്രിക്കറ്റിൽ തന്‍റെ റോളെന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു സഞ്ജുവിന്. ഇനിയും തന്നെ തഴയാൻ കാത്തിരിക്കുന്നവർ ഇനി രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരണം. സഞജു കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ നഷ്ടമാണെന്ന് പറഞ്ഞ കോച്ച് ഗംഭീറിന്‍റെ വിശ്വാസത്തെ സഞ്ജുവിന് കാക്കണം! എല്ലാത്തിനും പുറമെ ലോകം അംഗീകരിക്കുന്ന തന്‍റെ പ്രതിഭയോട്, തന്‍റെ ഷോട്ടുകളിലെ ഭംഗിയോട്, കഴിവിനോട് സഞ്ജുവിന് നീതി പുലർത്തണം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.