മെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്‍റെ ടെന്നീസ് കളി കണ്ട് അദ്ഭുതംകൂറി ലോക ടെന്നീസിലെ ഇതിഹാസം നൊവാക് ദ്യോകോവിച്. മെൽബൺ പാർക്കിൽ നടന്ന ഒരു പ്രദർശന പരിപാടിക്കിടെയാണ് 24 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ സെർബിയയുടെ ദ്യോകോവിചിനെ ടെന്നീസ് കോർട്ടിൽ ഓസീസ് നായകൻ സ്മിത്ത് വെല്ലുവിളിച്ചത്.
ആസ്ട്രേലിയൻ ഓപ്പണു മുന്നോടിയായി സംഘടിപ്പിച്ച ചാരിറ്റി മത്സരത്തിലായിരുന്നു രണ്ടു സൂപ്പർതാരങ്ങളുടെ നേർക്കുനേർ അങ്കം. ഓസീസ് മധ്യനിര ഓട്ടക്കാരൻ പീറ്റർ ബോളും ഇവർക്കൊപ്പം ചേർന്നിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദ്യോകോവിചിന്റെ ഒരു സോഫ്റ്റ് സർവിന് സ്മിത്തിന്‍റെ ഗംഭീര റിട്ടേൺ. ടെന്നീസ് പന്ത് കൃത്യമായി വീണത് കോർട്ടിന്‍റെ ബൗണ്ടറിക്കുള്ളിൽ. താരത്തിന്‍റെ റിട്ടേണിൽ അദ്ഭുതപ്പെട്ട ദ്യോകോവിച് റാക്കറ്റ് താഴെ വെച്ച് സ്മിത്തിനെ വണങ്ങുന്നതും പ്രശംസിക്കുന്നതും വിഡിയോയിലുണ്ട്.
പരിപാടിക്കിടെ ദ്യോകോവിച് ക്രിക്കറ്റിലും ഒരു പരീക്ഷണം നടത്തിയിരുന്നു. പീറ്റർ ബോൾ എറിഞ്ഞ ഒരു അനായാസ പന്ത് ഏറെ പണിപ്പെട്ടിട്ടും ദ്യോകോവിചിന് ബാറ്റിൽ കൊള്ളിക്കാനായില്ല. പിന്നാലെ താരം ടെന്നീസ് റാക്കറ്റ് പുറകിൽ കൊണ്ടു വെക്കുന്നതും പന്തെറിയുമ്പോൾ ക്രിക്കറ്റ് ബാറ്റ് മാറ്റി റാക്കറ്റുകൊണ്ട് പന്ത് ഗാലറിയിലേക്ക് അടിച്ചുപറത്തുന്നതും വിഡിയോയിലുണ്ട്. ഈമാസം 14നാണ് ആസ്ട്രേലിയൻ ഓപ്പണിന് തുടക്കമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.