ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയെ ഐ.സി.സി വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. 2021ൽ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്മൃതിയെ തേടി രണ്ടാം തവണയും അംഗീകാരമെത്തുന്നത്. ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരേ പുറത്തെടുത്ത മികച്ച പ്രകടനമാണ് മന്ദാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
2021 ഇന്ത്യക്ക് ബുദ്ധിമുട്ട് നിറഞ്ഞ വർഷമായിരുന്നെങ്കിലും മന്ദാനയെ സംബന്ധിച്ച് മികച്ച നിലയിൽ തുടരാൻ സാധിച്ചു. സ്വന്തം മൈതാനത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവർ പരമ്പരയിൽ ഇന്ത്യ എട്ട് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ചപ്പോൾ, രണ്ട് വിജയങ്ങളിലും മന്ദാന പ്രധാന പങ്ക് വഹിച്ചു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ 158 റൺസ് പിന്തുടർന്നപ്പോൾ അവർ പുറത്താകാതെ 80 റൺസെടുത്തു. അത് പരമ്പര സമനിലയിലാക്കാൻ സഹായിച്ചു. അവസാന ടി20യിലെ വിജയത്തിൽ മന്ദാന പുറത്താകാതെ 48 റൺസ് നേടി.
സമനിലയിൽ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന ടെസ്റ്റിൽ 78 റൺസിന്റെ ഇന്നിങ്സാണ് 25 കാരിയായ താരം കളിച്ചത്. ടി20 പരമ്പരയിൽ സ്മൃതി മന്ദാന 15 പന്തിൽ 29 റൺസും അർധ സെഞ്ച്വറിയും നേടിയെങ്കിലും ഇന്ത്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയും പരമ്പര 2-1ന് നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ടാം ഏകദിനത്തിൽ 86 റൺസും സ്മൃതി മന്ദാന നേടിയിരുന്നു. ഒരേയൊരു ടെസ്റ്റിൽ (കരിയറിലെ ആദ്യത്തേത്) ഉജ്ജ്വല സെഞ്ച്വറി നേടിയ താരം പ്ലെയർ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പിങ്ക് ബോൾ ഫോർമാറ്റിൽ കന്നി സെഞ്ച്വറിയും നേടാനും താരത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.