ആൻറിഗ്വ: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ യു.എസിനെ 18 റൺസിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബദയുടെ ഉജ്ജ്വല ബൗളിങ്ങാണ് യു.എസ് വെല്ലുവിളി മറികടക്കാൻ സഹായിച്ചത്.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസിന് 20 ഓവറിൽ ആറു വിക്കറ്റിന് 176 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 47 പന്തിൽ 80 റൺസെടുത്ത ആൻഡ്രീസ് ഗൗസിന്റെ ഗംഭീര ചെറുത്ത് നിൽപ്പാണ് അപ്രാപ്യമെന്ന് തോന്നിയ സ്കോറിനരികിലേക്ക് യു.എസിനെ എത്തിച്ചത്.
സ്റ്റീവൻ ടെയ്‍ലർ 24 ഉം ഏഴാമനായി ഇറങ്ങിയ ഹർമീത് സിങ് 38 ഉം റൺസെടുത്ത് പുറത്തായി.
നേരത്തെ, 40 പന്തിൽ 74 റൺസെടുത്ത ഓപണർ ക്വിന്റൺ ഡികോക്കും 32 പന്തിൽ 46 റൺസെടുത്ത എയ്ഡൻ മാർക്രമും 22 പന്തിൽ പുറത്താകാതെ 36 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്.
റീസ് ഹെൻഡ്രിക്സ് 11 ഉം ഡേവിഡ് മില്ലർ റൺസൊന്നും എടുക്കാതെയും പുറത്തായി. ട്രിസ്റ്റൻ സ്റ്റബ്സ് 20 റൺസുമായി പുറത്താകാതെ നിന്നു. യു.എസിന് വേണ്ടി സൗരഭ് നേത്രാവത്കർ, ഹർമീത് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.