പെർത്തിൽ നടന്ന ആദ്യ ബോർഡർ ഗവാസ്കർ മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറയാണ് ടീമിനെ നയിച്ചിരുന്നത്. ഇപ്പോഴിതാ ബുംറയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ആസട്രേലിയൻ നായകനും ഇതിഹാസ ബാറ്ററുമായ സ്റ്റീവ് സ്മിത്ത്.
ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റ് നേടി ടീമിന്‍റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ബുംറയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 295 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ബുംറയുടെ ബൗളിങ് റണ്ണപ്പ് മുതൽ എറിയുന്നത് വരെ എല്ലാം വിചിത്രമാണെന്നും എല്ലാവരിൽ നിന്നും വ്യത്യസ്തമായാണ് അദ്ദേഹം ഓടിയെത്തുന്നതെന്നും സ്മിത്ത് പറഞ്ഞു. ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട് ഇന്നും സെറ്റിൽഡ് ആവാൻ കുറച്ച് പന്തുകൾ ആവശ്യമാണെന്നും സ്മിത്ത് പറയുന്നു.
'അവന്‍റെ റണ്ണപ്പിന്‍റെ തുടക്കം മുതൽ എല്ലാം തന്നെ വിചിത്രമാണ്. എല്ലാവരിൽ നിന്നും വ്യത്യസ്തമായാണ് അവൻ ഓടിയെത്തുന്നത്. അത് കഴിഞ്ഞ് അവസാനത്തെ ആക്ഷനും വ്യത്യസ്തമാണ്. അവനെ ഞാൻ ഇപ്പോൾ ഒരുപാട് വട്ടം നേരിട്ടുണ്ട്. എന്നാൽ എപ്പോൾ നേരിടുമ്പോഴും കുറച്ചുപന്തുകൾ കഴിയാതെ അവനെതിരെ താളം കണ്ടെത്താൻ സാധിക്കില്ല.
ബാറ്ററുമായി അടുത്ത് നിൽക്കുന്ന പോയിന്‍റിലാണ് അവൻ പന്ത് റിലീസ് ചെയ്യുന്നത്. അപ്പോൾ നമ്മൾ കരുതുന്നതിനേക്കാൾ കൂടുതൽ അത് നമ്മളെ ധൃതിയിലാക്കും. മാത്രമല്ല അതൊരു വിചിത്രമായ ആക്ഷനാണ്,' ,സ്മിത്ത് കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ സ്മിത്തിനെ ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുരുക്കി പൂജ്യനായി മടക്കിയത് ബുംറയായിരുന്നു.
പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ ആറിന് ആരംഭിക്കും. അഡ്ലെയ്ഡിൽ വെച്ച് നടക്കുന്ന മത്സരം ഡേ നെറ്റ് മത്സരമായിരിക്കും. അതേസമയം രണ്ടാം മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ടീമിലേക്ക് തിരിച്ചെത്തും. പരിക്കേറ്റ ആസ്ട്രേലിയൻ പേസ് ബൗളർ ജോഷ് ഹെയ്സൽവുഡ് രണ്ടാം മത്സരത്തിൽ കളിച്ചേക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.