റാഞ്ചി: വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിനെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ജുറെൽ നേടിയ 90 റൺസാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. 10 റൺസകലെ കരിയറിലെ ആദ്യ സെഞ്ച്വറി നഷ്ടമായെങ്കിലും ഒരു സെഞ്ച്വറിയേക്കാൾ മൂല്യമുള്ള ഇന്നിങ്ങ്സാണ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്.
മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ ധോണിയുടെ സ്വന്തം മണ്ണായ റാഞ്ചിയിൽ ജുറെൽ ഇംഗ്ലീഷ് ബൗളർമാരെ നേരിട്ട രീതി കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ഗവാസ്കർ. യുവതാരത്തിന്‍റെ മനസാന്നിധ്യം കണ്ട് അദ്ദേഹത്തെ ഇന്ത്യയുടെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയോടാണ് ഗവാസ്കർ ഉപമിക്കുന്നത്.
‘ധ്രുവ് ജുറെലിന്‍റെ മനസാന്നിധ്യം കാണുമ്പോൾ, അദ്ദേഹം അടുത്ത എം.എസ്. ധോണിയാണെന്ന് എനിക്ക് തോന്നുന്നു’ -ഗവാസ്കർ കമന്‍ററിക്കിടെ പറഞ്ഞു. റാഞ്ചിയിലേതിനു സമാനമായ ബാറ്റിങ് തുടരുകയാണെങ്കിൽ, ഇനിയുള്ള യാത്രയിൽ അദ്ദേഹം ഒരുപാട് സെഞ്ച്വറികൾ നേടുമെന്നും ഗവാസ്കർ പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിലാണ് ജുറെൽ അരങ്ങേറ്റം കുറിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാനായത്. 46 റൺസെടുത്ത് പുറത്തായി. അപ്പോഴും അത് ഒരു ഒറ്റപ്പെട്ട പ്രകടനം മാത്രമാകും എന്ന ധാരണയിലായിരുന്നു ഭൂരിഭാഗവും. എന്നാൽ, റാഞ്ചിയിൽ നിർണായക ഇന്നിങ്സിലൂടെ ജൂറെൽ ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാകുകയാണ്.
റാഞ്ചിയിൽ 149 പന്തിൽ 90 റൺസെടുത്ത ജുറെൽ പത്താമനായാണ് പുറത്താകുന്നത്. നാലു സിക്സും ആറു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. മൂന്നാം ദിനം ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ജുറെലിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. മൂന്നാം ദിനം ടീം സ്കോർ ബോർഡിൽ കൂട്ടിചേർത്ത 88 റൺസിൽ 60 റൺസും ജുറെലിന്‍റെ വകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.