കൊച്ചി: പല വർണത്തിലുള്ള വെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കൽ... അലകടലിളകും പോലെ കൈയടികൾ....യുവത്വത്തിന്റെ ആവേശമായ റാപ്പർമാരുടെയും ഡി.ജെമാരുടെയും അടിപൊളി പ്രകടനം... ഇഷ്ടടീമിന്റെ ജഴ്സിയണിഞ്ഞും പതാകയേന്തിയും ഗാലറിയിൽ ഹരം നിറച്ച് കാൽപന്തുകളിയാരാധകർ... 150 കലാകാരന്മാർ ഒന്നിച്ചണിനിരന്ന ചെണ്ടമേളത്തിന്റെ പ്രകമ്പന താളം...
ഇതിനിടെ ഡ്രംസിൽ ആർമാദ താളം മുഴക്കി ശിവമണിയും കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസിയുടെ അത്യുജ്വല പ്രകടനവും... ഇതിനിടെ ഡി.ജെ ശേഖർ, റാപ്പർ ഫെജോ , ഡി.ജെ സാവിയോ എന്നിവരും അരങ്ങുതകർത്തു. കൊച്ചി സ്റ്റേഡിയത്തെ അക്ഷരാർഥത്തിൽ ഇളക്കിമറിക്കുന്നതായിരുന്നു പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന ചടങ്ങ്.
7.15 ഓടെ ടീമുകൾ ഓരോന്നായി ഗ്രൗണ്ടിലെത്തി വാം അപ് തുടങ്ങി. ഇതേസമയം പ്രമുഖ റാപ്പർ ഡബ്സീയുടെ നേതൃത്വത്തിൽ ആവേശം പകരുന്ന റാപ് സോങ്ങുകളും അകമ്പടിയായി നൃത്തവും അരങ്ങുതകർക്കുകയായിരുന്നു. ആവേശത്തിലെ ഇല്ലുമിനാറ്റിയുൾപ്പെടെ പാടി തകർത്തപ്പോൾ ഗാലറിയിലെ ആരാധകർ ഒപ്പം ആടിപ്പാടി. എല്ലാത്തിനും ഒടുവിൽ ബോളിവുഡ് താരറാണി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാസ്മരിക പ്രകടനത്തോടെ വിനോദ പരിപാടികൾക്ക് ഇടവേളയായി.
തുടർന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ , കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ, സി.ഇ.ഒ മാത്യു ജോസഫ് തുടങ്ങിയവർ വേദിയിലെത്തി. കാലിക്കറ്റ് എഫ്.സി, ഫോർസ കൊച്ചി എഫ്.സി, കണ്ണൂർ എഫ്.സി, മലപ്പുറം എഫ്.സി, തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ മാജിക് എഫ്.സി എന്നിങ്ങനെ ഓർഡറിലാണ് ടീമുടമകളെ പരിചയപ്പെടുത്തിയത്.
ഐ.എം. വിജയൻ, ഫോഴ്സ കൊച്ചി ഉടമകളായ പൃഥ്വിരാജ്, സുപ്രിയ മേനോൻ, കണ്ണൂർ എഫ്.സി ഉടമ ആസിഫലി, ഭാര്യ സമ തുടങ്ങിയവർ വേദിയിലെത്തിയപ്പോൾ ആരാധകരിൽ ആവേശം ഇരട്ടിച്ചു. ടീം ഉടമകളും ലീഗ് ഒഫീഷ്യൽസും ചേർന്ന് ട്രോഫി അനാച്ഛാദനം ചെയ്തു. കൃത്യം എട്ടിന് ടീം ലൈനപ്പായി. എല്ലാ പ്രകടനങ്ങൾക്കിടയിലും ചടങ്ങിന്റെ ആവേശം മൂർധന്യത്തിലെത്തിക്കാൻ രഞ്ജിനി ഹരിദാസ്, ഷൈജു ദാമോദരൻ എന്നിവരുടെ തീപ്പൊരി വാക്കുകൾ ചുറ്റിലും ചിതറിവീണു.
കളി കൊച്ചിയിലാണെങ്കിലും സ്വന്തം ടീമിന് ഗാലറിയിലിരുന്ന് ആർപ്പുവിളികളോടെ കട്ട സപ്പോർട്ട് നൽകാനായി മലപ്പുറത്തെ കളിപ്രേമികൾ കൂട്ടത്തോടെ കലൂർ സ്റ്റേഡിയത്തിലെത്തിയിരുന്നു. ടൂറിസ്റ്റ് ബസിലും മറ്റുമായാണ് പ്രഥമ ലീഗിലെ മലപ്പുറത്തിന്റെ അരങ്ങേറ്റ മത്സരം കളറാക്കാനും ഓർമയിൽ എന്നും സൂക്ഷിച്ചുവെക്കാനുമായി അന്നാട്ടുകാർ കൊച്ചിയിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.