ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽ ഇടം ഉറപ്പിച്ചു; ഇന്ത്യൻ ഓൾ റൗണ്ടറെ കുറിച്ച് സുരേഷ് റെയ്ന

ഈ വർഷം ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഓൾ റൗണ്ടർ അക്സർ പട്ടേലിന് ഇടംലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുൻ താരം സുരേഷ് റെയ്ന. അഫ്ഗാനിസ്താനെതിരെയുള്ള ട്വന്‍റി20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ അക്സറിന്‍റെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് റെയ്നയുടെ പ്രതികരണം.

മത്സരത്തിൽ നാലു ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ നേടിയിരുന്നു താരം. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഫ്ലാറ്റ് പിച്ചിൽ അഫ്ഗാനെ പ്രതിരോധത്തിലാക്കുന്നതിൽ അക്സറിന് നിർണായക പങ്കുണ്ടായിരുന്നു. പരിക്കിനെ തുടർന്ന് താരത്തിന് ഏകദിന ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഐ.പി.എല്ലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലും തകർപ്പൻ പ്രകടനം നടത്തി ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽ സ്ഥാനം ഉറപ്പിക്കുകയാണ് താരത്തിന്‍റെ ലക്ഷ്യം.

മൊഹാലിയിലെ പ്രതികൂല കാലാവസ്ഥയിലും നന്നായി പന്തെറിഞ്ഞ അക്സറാണ് അഫ്ഗാൻ ഓപ്പണർ റഹ്മാനുല്ല ഗുർബാസിനെ പുറത്താക്കിയത്. അവസരം കിട്ടുമ്പോഴെല്ലാം ബാറ്റിങ്ങളിലും ബൗളിങ്ങിലും അക്‌സർ സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നതെന്ന് റെയ്‌ന പറഞ്ഞു. ‘അക്സർ പവർ പ്ലേയിൽ പന്തെറിയുന്നു. ബാറ്റിങ് അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തുന്നു. ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽ ടിക്കറ്റ് ഉറപ്പിച്ചതായി തോന്നുന്നു’ -അക്സർ അഭിപ്രായപ്പെട്ടു.

ജൂൺ ഒന്നിനാണ് ട്വന്‍റി20 ലോകകപ്പ് തുടങ്ങുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. പാകിസ്താൻ, യു.എസ്, കാനഡ, അയർലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ അഞ്ചിന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിന് ന്യൂയോർക്കിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. 12ന് ഇന്ത്യ-യു.എസ് മത്സരവും ന്യൂയോർക്കിലാണ്. 15ന് ഫ്ലോറിഡയിൽ കാനഡക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ് മത്സരം.

നാലു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങൾ. കരുത്തരായ ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവക്കു പുറമെ, നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ ടീമുകളും ബി ഗ്രൂപ്പിലാണ്. വെസ്റ്റിൻ‍ഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകളാണ് സി ഗ്രൂപ്പിൽ. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്സ്, നേപ്പാൾ ടീമുകൾ ഡി ഗ്രൂപ്പിലും.

നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിൽ പ്രവേശിക്കും. സൂപ്പർ എട്ടിലെ ഇന്ത്യയുടെ മത്സരങ്ങളും ഫൈനലും ബാർബഡോസിൽ നടക്കും.

Tags:    
News Summary - Suresh Raina makes bold prediction on India star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.