എന്തുകൊണ്ട് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വരുന്നില്ലെന്ന് ആരാധകൻ; സൂര്യകുമാറിന്‍റെ മറുപടി വൈറൽ

മുംബൈ: കേന്ദ്ര സർക്കാർ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് വ്യക്തമാക്കിയതോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിന്‍റെ ഭാവിയും അനിശ്ചിതത്വത്തിലായി.

അടുത്ത വർഷം നടക്കുന്ന ടൂർണമെന്‍റ് പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). എന്നാൽ, ഹൈബ്രിഡ് മോഡലിലേക്ക് മാറ്റി തങ്ങളുടെ മത്സരങ്ങൾ മറ്റു വേദിയിലേക്ക് മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യം ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കുകയും ചെയ്തു. പ്രശ്നം പരിഹരിക്കുന്നതുവരെ ഐ.സി.സി, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്‍റുകളിൽ ഇന്ത്യയുമായുള്ള മത്സരങ്ങൾ ബഹിഷ്കരിക്കാൻ പാകിസ്താൻ സർക്കാർ പി.സി.ബിക്ക് നിർദേശം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ ദക്ഷിണാഫ്രിക്കയിൽ ട്വന്‍റി20 പരമ്പര കളിക്കുകയാണ് ഇന്ത്യ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കത്തിന്‍റെ അലയൊലികൾ ദക്ഷിണാഫ്രിക്കയിലുമെത്തി. ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവിനോട് ഒരു ആരാധകൻ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി നിലപാടിനെ കുറിച്ച് ചോദിക്കുന്നതിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങൾ പാകിസ്താനിലേക്ക് വരുന്നില്ലെന്ന് വിഡിയോയിൽ ആരാധകൻ ചോദിക്കുന്നുണ്ട്. അതിന് താരം നൽകിയ മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘പ്രിയ സഹോദരാ, അത് നമ്മുടെ കൈയിലല്ല’ എന്നാണ് താരം ആരാധകന് നൽകിയ മറുപടി.

ഹൈബ്രിഡ് മോഡലിൽ ടൂർണമെന്‍റ് നടത്താൻ പി.സി.ബിക്കുമേൽ ഐ.സി.സി സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അവർ വിസ്സമതിക്കുകയാണ്. മുഴുവൻ ഹോസ്റ്റിങ് ഫീയും നൽകാമെന്നാണ് ഐ.സി.സിയുടെ വാഗ്ദാനം. ടൂർണമെന്‍റിന് മാസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പി.സി.ബി നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ടൂർണമെന്‍റിൽ പാകിസ്താൻ, ഇന്ത്യ എന്നിവയിൽ ഒരു ടീം ഉണ്ടാകില്ലെന്നാണ് ഉറപ്പാണ്. അങ്ങനെയെങ്കിൽ അത് ടൂർണമെന്‍റിന്‍റെ വലിയ നഷ്ടമാകും.

Tags:    
News Summary - Suryakumar Yadav's Reply Goes Viral on Champions Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.