ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ സർവിസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോൽപിച്ചത്. 11 പന്ത് ബാക്കിനിൽക്കെ കേരളം ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സർവിസസ് ഓപണർമാരെ ആദ്യം തന്നെ മടക്കി നിധീഷ് കേരളത്തിന് മികച്ച തുടക്കം നൽകി. എന്നാൽ, ക്യാപ്റ്റൻ മോഹിത് അഹ്ലാവത്തും വിനീത് ധൻകറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് പിറന്നു. ധൻകർ 29 പന്തിൽ 41ഉം വിനീത് 28 പന്തിൽ 35ഉം റൺസെടുത്തു.
28 റൺസെടുത്ത അരുൺകുമാറും സർവിസസ് ബാറ്റിങ് നിരയിൽ തിളങ്ങി. 20 ഓവറിൽ 9 വിക്കറ്റിന് 149 റൺസെന്ന നിലയിൽ സർവിസസ് ഇന്നിങ്സിന് അവസാനമായി. അഞ്ചു വിക്കറ്റുമായി സർവിസസിന്റെ മധ്യനിരയെ തകർത്തെറിഞ്ഞ അഖിൽ സ്കറിയയുടെ പ്രകടനമാണ് കേരള ബൗളിങ്ങിൽ നിർണായകമായത്. നാലോവാറിൽ 30 റൺസ് വിട്ടുനൽകിയാണ് അഖിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേനക്കുശേഷം ടൂർണമെന്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കേരള ബൗളറാണ് അഖിൽ. നിധീഷ് രണ്ടും വിനോദ് കുമാർ, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നൽകിയത്. ഓപണിങ് കൂട്ടുകെട്ടിൽ 73 റൺസ് പിറന്നു. 27 റൺസെടുത്ത രോഹനും നാല് റൺസെടുത്ത വിഷ്ണു വിനോദും അടുത്തടുത്ത് പുറത്തായെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറിനുമൊപ്പം സഞ്ജു ഇന്നിങ്സ് മുന്നോട്ടുനീക്കി.
സ്കോർ 123ൽ നിൽക്കെ 75 റൺസെടുത്ത സഞ്ജു മടങ്ങി. 45 പന്തിൽ പത്തു ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ലക്ഷ്യത്തോടടുക്കെ ഏതാനും വിക്കറ്റുകൾ നഷ്ടമായെങ്കിലും 21 റൺസുമായി പുറത്താകാതെ നിന്ന് സൽമാൻ നിസാർ കേരളത്തെ വിജയത്തിലെത്തിച്ചു. അഖിൽ സ്കറിയയാണ് മാൻ ഓഫ് ദി മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.