ട്വന്‍റി20 ലോകകപ്പിൽ പാകിസ്താൻ പുറത്ത്; യു.എസ്.എ സൂപ്പർ എട്ടിൽ

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിൽ ഏറെ പ്രതീക്ഷയോടെ എത്തിയ മുൻ ചാമ്പ്യന്മാരായ പാകിസ്താൻ സൂപ്പർ എട്ട് കാണാതെ പുറത്ത്. ക്രിക്കറ്റിലെ ശിശുക്കളും ആതിഥേയരുമായ യു.എസ്.എ ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യക്കു പുറമെ, സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.

വെള്ളിയാഴ്ച ഫ്ലോറിഡയിലെ ലോഡർഹില്ലിലുള്ള സെൻട്രൽ ബ്രോവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കേണ്ട യു.എസ്.എ-അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് പാകിസ്താന് തിരിച്ചടിയായത്.

അയർലൻഡിനെതിരെ യു.എസ്.എ തോറ്റാൽ മാത്രമേ പാകിസ്താനു മുന്നിൽ സൂപ്പർ എട്ട് സാധ്യതയുണ്ടായിരുന്നുള്ളു. മഴ തോർന്നെങ്കിലും നനഞ്ഞ ഔട്ട് ഫീൽഡ് കാരണം ടോസ് പോലും ഇടാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇരു ടീമുകളും പോയന്‍റ് പങ്കിട്ടതോടെ യു.എസ്.എക്ക് നാലു മത്സരങ്ങളിൽ അഞ്ചു പോയന്‍റായി. രണ്ടു പോയന്‍റുള്ള പാകിസ്താന്‍റ് അവസാന മത്സരം ജയിച്ചാലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്താനാകില്ല. ഞായറാഴ്ച അയർലൻഡിനെതിരെയാണ് പാകിസ്താന്‍റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പർ എട്ടിലേക്ക് കടക്കുക. 

മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് ആറു പോയന്‍റുമായി ഗ്രൂപ്പിൽ ഒന്നാമത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യു.എസിനോട് അട്ടിമറി തോൽവി വഴങ്ങിയതാണ് ബാബർ അസമിനും സംഘത്തിനും തിരിച്ചടിയായത്. സൂപ്പർ ഓവറിൽ അഞ്ചു റൺസിനാണ് തോറ്റത്. രണ്ടാം മത്സരത്തിൽ ഇന്ത്യയോട് ആറു റൺസിനും പരാജയപ്പെട്ടു. കാനഡയോട് ഏഴു വിക്കറ്റിനാണ് ജയിച്ചത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് യു.എസ്.എ ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. ട്വന്‍റി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു അസോസിയേറ്റ് രാജ്യം ഗ്രൂപ്പ് ഘട്ടം കടക്കുന്നത് ഏഴാം തവണയും. അയര്‍ലന്‍ഡ് (2009), നെതര്‍ലന്‍ഡ്സ് (2014), അഫ്ഗാനിസ്താന്‍ (2016), നമീബിയ (2021), സ്‌കോട്ട്ലന്‍ഡ് (2021), നെതര്‍ലന്‍ഡ്സ് (2022) എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍. 

Tags:    
News Summary - T20 World Cup 2024: Pakistan Eliminated As USA vs IRE Match Gets Washed Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.