ആഘോഷ നീലിമയിൽ മുംബൈ നഗരം..!; ആവേശം അലതല്ലി ലോകജേതാക്കളുടെ റോഡ് ഷോ -വിഡിയോ

ബൈ: മുംബൈ നഗരത്തെ ഇളക്കി മറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ റോഡ് ഷോ. ട്വന്റി 20 ലോകകിരീടം നേടിയ രോഹിതും സംഘവും പ്രത്യേകം തയാറാക്കിയ തുറന്ന ബസിലാണ് ലോകകപ്പ് ട്രോഫിയുമായാണ് നഗരം ചുറ്റിയത്. 

പതിനായിരങ്ങളുടെ ഹർഷാരവങ്ങൾക്കിടെ മുംബൈ മറൈൻ ഡ്രൈവിൽ നിന്നും ആരംഭിച്ച വിക്ടറി പരേഡ് വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്. റോഡ് ഷോ തുടങ്ങിയ ഉടൻ  നായകൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോഹ്ലിയും ചേർന്ന് ലോകകപ്പ് ട്രോഫി ആരാധകർക്ക് മുന്നിൽ ഉയര്‍ത്തിക്കാണിച്ചു.  ആഹ്ലാദഭരിതരായ ആരാധക കടലിലൂടെയാണ് ബസ് ഒഴുകി നീങ്ങിയത്.  കൈയടിയും ആർപ്പുവിളികളുമായി പ്രിയതാരങ്ങളെ സ്വീകരിച്ചു.  

പരിശീലകൻ രാഹുൽ ദ്രാവിഡ് തൊഴു കൈകളോടെ ആരാധകർക്കുള്ള നന്ദി പ്രകടിപ്പിച്ചു.  ഇന്ത്യൻ താരങ്ങളുമായി ബസ് വാങ്കഡെ സ്റ്റേഡിയത്തിലെത്തുമ്പോൾ രാത്രി ഒമ്പത് മണിയോടടുത്തിരുന്നു. സ്റ്റേഡിയത്തിൽ ആരാധകരെ ഇന്ത്യൻ ടീം അംഗങ്ങൾ അഭിവാദ്യം ചെയ്തു.  125 കോടി രൂപയുടെ ചെക്ക് ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു സമ്മാനിച്ചു.   


തകർത്ത് പെയ്യുന്ന മഴയെ അവഗണിച്ച് റോഡ് ഷോക്ക് മണിക്കൂറുകൾക്ക് മുൻപെ മുംബൈ നഗരം ആരാധകരാൽ നിറഞ്ഞിരുന്നു. റോഡ് ഷോ ആരംഭിച്ച മറൈൻ ഡ്രൈവിലും  പ്രധാന ചടങ്ങ് നടന്ന വാങ്കഡെ സ്റ്റേഡിയത്തിലും ആരാധകരെ കൊണ്ടു വീർപ്പുമുട്ടി.

സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമാക്കിയതോടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ജനക്കൂട്ടമെത്തി. ഇതോടെ  സ്റ്റേഡിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ വലഞ്ഞു. 

വ്യാഴാഴ്ച പുലർച്ചെ ബാർബഡോസിൽ നിന്നും ഡൽഹിയിൽ എത്തിയ ഇന്ത്യൻ ടീം  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം മുംബൈയിലേക്ക് പറന്നത്. ഡൽഹിയിൽനിന്ന് ഇന്ത്യൻ താരങ്ങളുമായി മുംബൈയിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്താവളത്തില്‍ സ്വകരിച്ചത്. ഐ.ജി.ഐ എയർപോർട്ടിലും ടീം ഹോട്ടലിലും ഹോട്ടലിലേക്കുള്ള വഴിയിലും കളിക്കാർക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.


Tags:    
News Summary - Team India Victory Parade Live Updates: Rohit Sharma's champions hit the roads of Mumbai as entire nation comes unglued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.